മലപ്പുറം: കോട്ടയ്‌ക്കലിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയില്‍ മിന്നല്‍ വേഗത്തിലെത്തിച്ച് സ്വകാര്യ ബസ്. ശനിയാഴ്‌ച(06.08.2022) വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന ഹോളി മരിയ ബസിലെ ജീവനക്കാരാണ് കൃത്യസമയത്ത് യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായത്.
അമിത വേഗത്തില്‍ ബസ് ആശുപത്രിയിലേക്ക്; അമ്പരന്ന് ജീവനക്കാര്‍, വീഡിയോ - തൃശൂരിലേക്കുള്ള ബസ് യാത്ര
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് സ്വകാര്യ ബസ്
തൃശൂരിലേക്കുള്ള ബസ് യാത്രയ്‌ക്കിടെയാണ് കേച്ചേരി സ്വദേശിയായ വിദ്യാർഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ ഡ്രൈവർ ഏറ്റവും അടുത്തുള്ള ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിലേക്ക് സ്വകാര്യ ബസ് ഓടിച്ച് കയറ്റുകയായിരുന്നു. അപ്രതീക്ഷിതമായി ആശുപത്രി വളപ്പിലേക്ക് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കണ്ട് ആശുപത്രിയിലുണ്ടായിരുന്നവര്‍ ആദ്യമൊന്ന് അമ്പരന്നു.
സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി ആശുപത്രി ജീവനക്കാർ ഉടന്‍ സ്‌ട്രക്‌ചറുമായി ബസിനരികിലേക്ക് എത്തി. അവശയായ പതിനേഴുകാരിയെ ബസ് ജീവനക്കാരും സഹയാത്രികരും ബസില്‍ നിന്ന് അപ്പോഴേക്കും പുറത്തെടുത്തിരുന്നു. പെണ്‍കുട്ടിക്ക് അടിയന്തര ശുശ്രൂഷ ലഭ്യമാക്കിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസ് യാത്ര തുടർന്നത്.