മലപ്പുറം : വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട് വിഷയത്തിൽ വിവാദങ്ങൾ കത്തി നിൽക്കെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി കായിക മന്ത്രി വി.അബ്ദുറഹിമാൻ. ചർച്ചയിൽ വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്‌സിലാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. കേരളത്തിലെ സമാധാനാന്തരീക്ഷം തകരുന്നത് ഒഴിവാക്കുന്നതിനുള്ള വിവേക പൂർണമായ സമീപനം സ്വീകരിച്ച മുത്തുക്കോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു.
വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ചർച്ചയിൽ മന്ത്രിയെ അറിയിച്ചു.