മലപ്പുറം :മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന പ്രവാസികള്‍ക്ക് പദ്ധതികളില്‍ 50 ശതമാനം സബ്‌സിഡി നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മൂര്‍ക്കനാട്ടെ പാല്‍പ്പൊടി ഉത്പാദന പ്ലാന്‍റിന്‍റെ പ്രവൃത്തി ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാതലത്തില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍, മാതൃകാഗ്രാമം പദ്ധതിക്ക് കീഴില്‍ പോത്ത് വളര്‍ത്തല്‍, കറവയന്ത്രങ്ങളുടെ വിതരണം എന്നിവയ്ക്കായുള്ള ധനസഹായ വിതരണവും കര്‍ഷകര്‍ക്കുള്ള പ്രളയ ദുരിതാശ്വാസ തുക കൈമാറ്റവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കന്നുകാലികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും രാത്രികാലങ്ങളില്‍ ഉള്‍പ്പടെ വീട്ടുമുറ്റത്ത് വിദഗ്‌ധ ചികിത്സ ലഭ്യമാക്കാന്‍ എല്ലാ ജില്ലകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിക്കും. 29 ആംബുലന്‍സുകള്‍ ഒന്നര മാസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്നും ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. വെറ്ററിനറി ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ സി.യു.ജി സംവിധാനം നടപ്പാക്കും. കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ശാസ്‌ത്രീയ പദ്ധതിയായ ഇ സമൃദ്ധ് എല്ലാ പഞ്ചായത്തുകളിലും സാക്ഷാത്കരിക്കും.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധികളിലെ മൃഗാശുപത്രികളിലും വെറ്ററിനറി മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തും. പാല്‍, മാംസം, മുട്ട എന്നിവയുടെ ഉത്പാദനം കൂട്ടാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. തീറ്റപ്പുല്‍ കൃഷിക്കും സമയബന്ധിതമായി സബ്‌സിഡി നല്‍കും. കാലിത്തീറ്റ ഉത്പാദനത്തിനായുള്ള അസംസ്‌കൃത വസ്‌തുക്കള്‍ കേരളത്തിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ കിസാന്‍ പദ്ധതി നടപ്പാക്കും. പശുക്കളെ ഇന്‍ഷൂര്‍ ചെയ്യുന്ന നൂതന പദ്ധതി വേഗത്തില്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.