മലപ്പുറം: പ്രളയത്തെ തുടര്‍ന്ന് കിണറുകള്‍ മലിനമായതിനാല്‍ കുടിവെള്ളത്തിന് ദുരിതമനുഭവിക്കുന്ന വാഴക്കാട്ടുകാർക്ക് തുണയാവുകയാണ് ഒളട്ടൂർ ചവിട്ടാണിക്കുന്നിലെ നാല് ചെറുപ്പക്കാര്‍. പ്രതിഫലം ഇച്ഛിക്കാതെ നാല്‍പ്പത് കുടുംബങ്ങള്‍ക്കാണ് ഒളവട്ടൂർ ചവിട്ടാണിക്കുന്ന് സ്വദേശികളായ ഫൈസൽ എളഞ്ചിരി, കക്കോട്ട് പുറത്ത് മുഹമ്മദ് കുട്ടി, സികെ ജമാലുദ്ധീൻ, എംസി യാക്കൂബ് എന്നിവര്‍ കുടിവെള്ളമെത്തിച്ച് നല്‍കുന്നത്. കൽപ്പള്ളി, ചെറുവട്ടൂർ ഉൽപ്പം കടവ് ഭാഗങ്ങളിലെ കിണറുകളില്‍ പ്രളയത്തില്‍ മാലിന്യം നിറഞ്ഞിരുന്നു. പിന്നീട് കിണറുകള്‍ ശുചീകരിച്ചിരുന്നുവെങ്കിലും വെള്ളം ലഭിക്കാതായതോടെ കുടിവെള്ളം ഈ കുടുംബങ്ങള്‍ക്ക് കിട്ടാക്കനിയായി.
വാഴക്കാട്ടുകാര്‍ക്ക് തുണയായി നാല് ചെറുപ്പക്കാര്‍ - മലപ്പുറം
നാല്‍പ്പത് കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്
പ്രളയദിനം മുതൽ തുടങ്ങിയതാണ് ഇവരുടെ കുടിവെള്ള വിതരണം. ഒരിടക്ക് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സഹായമഭ്യര്‍ഥിച്ചുള്ള വിളികള്‍ എത്തിയതോടെ ഇവര്‍ ജല വിതരണം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വാഹനത്തിനടുത്തെത്തി വെള്ളം ശേഖരിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും തലച്ചുമടായും എത്തിച്ച് നല്‍കും. ആരും സഹായവുമായി എത്താതിരുന്നപ്പോഴും തുണയായ ഇവരോട് തീരാത്ത നന്ദിയാണ് പ്രദേശവാസികള്‍ക്ക് പറയാനുള്ളത്. ആറായിരം ലിറ്റർ വെള്ളവുമായാണ് ഇവർ ദിവസേന എത്തുന്നത്. ആദ്യമൊക്കെ നാട്ടിൽ നിന്ന് ചിലർ ഇന്ധനം നിറയ്ക്കാനുള്ള തുക നല്‍കിയിരുന്നു. പിന്നീട് അത് നിലച്ചു. ഇപ്പോൾ എല്ലാ ചിലവും സ്വമേധയാ വഹിച്ചാണ് ഈ നാല്‍വര്‍ സംഘം മുടങ്ങാതെ വെള്ളമെത്തിക്കുന്നത്.