മസ്‌ക്കറ്റില്‍ നിന്ന് 186 പ്രവാസികള്‍ കരിപ്പൂരിലെത്തി - പ്രവാസി വാര്‍ത്തകള്‍
നാല് യാത്രക്കാർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
മലപ്പുറം: മസ്‌കറ്റില്‍ നിന്ന് 186 യാത്രക്കാരുമായി ഐഎക്സ്- 350 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വൈകുന്നേരം 4.27 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. 13 ജില്ലകളില്‍ നിന്നായി 184 പേരും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 36 കുട്ടികള്‍, 31 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മസ്‌ക്കറ്റില്‍ നിന്നെത്തിയ എട്ട് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മലപ്പുറം സ്വദേശികളായ നാല് പേര്‍ക്കാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 68 പേരെ വിവിധ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്‍ററുകളില്‍ പ്രവേശിപ്പിച്ചു. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 110 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തിലാക്കി.