കോഴിക്കോട്: കാഴ്‌ചപരിമിതിയുള്ള ഗവേഷക വിദ്യാർഥി സായൂജ്യയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോർക്കുകയാണ് കാലിക്കറ്റ് സർവകലാശാല വിദ്യാർഥികളും സഹൃദയരും. കോഴിക്കോട് ബീച്ചിൽവച്ച് മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ് സുഹൃത്തുക്കൾ.
ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്ടോപ്പ്, വിൽപ്പനക്കാര്‍ ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടെങ്കിൽ പണം നൽകി പോലും തിരികെ വാങ്ങാൻ തയാറാണെന്ന് സർവകലാശാലയിലെ ഗവേഷക സംഘടന പറയുന്നു. സായൂജ്യയുടെ ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്‌ടോപ്പാണ് മോഷണം പോയത്.
ഗവേഷക വിദ്യാർഥി സായൂജ്യ പറയുന്നു: തന്‍റെ ജീവിതമാണ് മോഷ്‌ടാക്കള്‍ കൊണ്ടുപോയത്. ലാപ്‌ടോപ് തിരികെ കിട്ടിയാല്‍ പണം നൽകാനും തയ്യാറാണ്. കാഴ്ചപരിമിതിയുള്ള തനിക്ക് ഇവിടെ വരെ പഠിച്ച് എത്താൻ സാധിച്ചത് സാങ്കേതിക വിദ്യയുടെ സഹായത്താലാണ്. തന്‍റെ കണ്ണായിരുന്നു ലാപ്ടോപ്പ്. അത് നഷ്ടമായപ്പോൾ പെട്ടെന്ന് കാഴ്ച പൂർണമായും നഷ്ടപ്പെട്ടയാളെപ്പോലെയായി.