തിരുവനന്തപുരം:പാര്‍ലമെന്‍റ് പാസാക്കിയ പട്ടികജാതി നിയമത്തെ കോടതി തന്നെ ചവിട്ടിയരക്കുന്ന പരിഹാസ്യമായ കാഴ്‌ചയാണ് സിവിക് ചന്ദ്രനെതിരായ കേസില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പട്ടികജാതി വിഭാഗക്കാരെ സംരക്ഷിക്കുന്നതിനാണ് ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തി പാര്‍ലമെന്‍റ് നിയമം പാസാക്കിയത്. അതിനെ ഒരു കോടതി തന്നെ ഇത്തരത്തില്‍ പരിഹസിക്കുന്നത് ശരിയായ നടപടിയല്ലെന്ന് വിഡി സതീശൻ പറഞ്ഞു.
ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെടണം. ഉചിതമായ നടപടി ഹൈക്കോടതിയില്‍ നിന്നുണ്ടാകമെന്ന് പ്രത്യാശിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. വസ്‌ത്രത്തിന്‍റെ പേരില്‍ അതിജീവിതയ്‌ക്ക് എതിരെ കോടതി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. നീതി കൊടുക്കേണ്ട സ്ഥാപനം ഇങ്ങനെ ചെയ്‌താല്‍ ജനം എന്തു ചെയ്യും. ഈ നൂറ്റാണ്ടിലാണ് ഈ പരാമര്‍ശം നടത്തിയ ജഡ്‌ജി ജീവിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.