കോഴിക്കോട്:കാറിലും ബൈക്കിലും കാൽനടയായും ഒക്കെ സഞ്ചാരം നടത്തുന്ന ഒട്ടേറെ പേരെ നാം കണ്ടിട്ടുണ്ട്. എന്നാൽഉന്തുവണ്ടിയുമായി ഇന്ത്യ കാണാനിറങ്ങിയിരിക്കുകയാണ് മലപ്പുറത്തെ രണ്ട് സുഹൃത്തുക്കള്‍. മലപ്പുറം വൈലത്തൂര്‍ സ്വദേശി മുജ്‌തബയും കുറ്റിപ്പുറം സ്വദേശി ശ്രീരാഗുമാണ് അര്‍ബാന ഉന്തി 12 സംസ്ഥാനങ്ങള്‍ പിന്നിട്ട് മണാലിയിൽ എത്തിയിരിക്കുന്നത്.
ഉന്തുവണ്ടിയുമായി ഇന്ത്യ കാണാനിറങ്ങി രണ്ട് സുഹൃത്തുക്കള്‍: പിന്നിട്ടത് 12 സംസ്ഥാനങ്ങള്‍
ഡിസംബര്‍ 7ന് തിരൂരില്‍ നിന്നും അർബാനയുമായി യാത്ര പുറപ്പെട്ട ഇരുവരും നിലവിൽ മണാലിയിൽ എത്തിയിരിക്കുകയാണ്
2021 ഡിസംബര്‍ 7ന് തിരൂരില്‍ നിന്നുമാണ് സുഹൃത്തുക്കളായ മുജ്‌തബയും ശ്രീരാഗും ഹിമാലയത്തിലേക്ക് യാത്രപുറപ്പെട്ടത്. ആരും പരീക്ഷിക്കാത്ത ഉന്തുവണ്ടിയുമായായിരുന്നു ഇവരുടെ വ്യത്യസ്‌ത യാത്ര. യാത്രക്കാവശ്യമായ വസ്ത്രങ്ങളും അരിയും മറ്റുമെല്ലാം സൂക്ഷിക്കുന്നത് അര്‍ബാനയിലാണെന്നതാണ് പ്രത്യേകത. ഗ്രാമങ്ങള്‍ താണ്ടി യാത്രചെയ്യുമ്പോള്‍ പലരുടെയും അതിഥിയായും മറ്റുമാണ് ഇവരുടെ താമസം.
തിരൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥികളായ ഇരുവരും വഴിയില്‍ കാണുന്ന കാഴ്‌ചകള്‍ കാന്‍വാസില്‍ പകര്‍ത്തും. യാത്രക്കിടെ പരിചയപ്പെടുന്ന വ്യക്തികളുടെയും ചിത്രങ്ങള്‍ വരച്ചുനല്‍കും. അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലാണ് ഇവരുടെ മുന്നോട്ടുള്ള യാത്ര. യാത്രക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ നാട്ടിലെത്തുമ്പോള്‍ പ്രദര്‍ശനം നടത്താനാണ് ഇവരുടെ തീരുമാനം.