കോഴിക്കോട്: പുതുപ്പാടി മണല്‍ വയലില്‍ തനിച്ച് താമസിക്കുന്നയാളുടെ വീട്ടില്‍ കവര്‍ച്ച നടത്താനെത്തിയ രണ്ടംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തെയ്യപ്പാറ സ്വദേശികളായ അനസ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. മണല്‍വയല്‍ സ്വദേശി സിറിയക്കിന്‍റെ വീട്ടിലാണ് പിപിഇ കിറ്റ് ധരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ചമഞ്ഞ് ഇരുവരും കവര്‍ച്ചക്കെത്തിയത്.
ആരോഗ്യപ്രവർത്തകർ ചമഞ്ഞെത്തി മോഷണ ശ്രമം; രണ്ട് പേർ പിടിയിൽ വീട്ടിലെത്തിയത് രണ്ട് തവണ
ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പിപിഇ കിറ്റ് ധരിച്ച് കൊവിഡ് പരിശോധിക്കാനെന്ന വ്യാജേനെയാണ് അനസ് സിറിയക്കിന്റെ വീട്ടിലെത്തിയത്. രണ്ട് ദിവസം മുമ്പും കൊവിഡ് പരിശോധന നടത്താനെന്ന വ്യാജേനെ പിപിഇ കിറ്റ് ധരിച്ച് അനസ് ഇവിടെ എത്തിയിരുന്നു. വാക്‌സിനേഷന്‍ നടത്തിയതിന്‍റെ വിവരങ്ങള്‍ ശേഖരിക്കുകയും ഒരു വിവരം കൂടി വേണമെന്നും അതിനായി പിറ്റേ ദിവസം വരാമെന്നും പറഞ്ഞ് മടങ്ങുകയുമായിരുന്നു.
പിറ്റേദിവസം അനസും അരുണും സിറിയക്കിന്‍റെ വീടിന് പരിസരത്ത് എത്തിയെങ്കിലും വീട്ടിലേക്ക് കയറിയിരുന്നില്ല. സംശയം തോന്നിയ സിറിയക്ക് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ അനസ് എത്തിയപ്പോള്‍ സിറിയക്ക് നാട്ടുകാരെ വിവരം അറിയിച്ചു. ഇതോടെ അനസ് ഇറങ്ങി ഓടി റോഡിലുണ്ടായിരുന്ന ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.
പടികൂടിയത് നാട്ടുകാർ
നാട്ടുകാര്‍ ബൈക്കുകളില്‍ പിന്തുടര്‍ന്ന് മണല്‍ വയല്‍ അങ്ങാടിയില്‍വെച്ച് ഓട്ടോ തടഞ്ഞ് ഇരുവരേയും പിടികൂടി താമരശേരി പൊലീസിന് കൈമാറുകയായിരുന്നു. ഇവരുടെ ബാഗില്‍ നിന്ന് കത്തി, മുളക് പൊടി, കയര്‍ തുടങ്ങിയവ കണ്ടെത്തി. സിറിയക്കിന്‍റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
also read : രണ്ട് ദിവസത്തിനിടെ പൊട്ടിച്ചത് മൂന്ന് മാല ; ഒടുവില്‍ പൊലീസിന്‍റെ വലയില്‍