കോഴിക്കോട് : തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി കയാക്കർമാരുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര കയാക്കിങ് മത്സരങ്ങൾ നടക്കുന്ന ചാലിപ്പുഴ ശുചീകരിച്ചു. ചാലിപ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികളും മറ്റും പുഴയിലുപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും,കുപ്പികളും പെറുക്കിയെടുത്താണ് ഇവർ പുഴ ശുചീകരിച്ചത്.
വർഷം തോറും അന്താരാഷ്‌ട്ര കയാക്കിങ് മത്സരങ്ങൾക്കായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കയാക്കർമാരാണ് ഇവിടെയെത്താറുള്ളത്. പാറക്കെട്ടുകളും,ശക്തിയേറിയ കുത്തൊഴുക്കുമുള്ള ചാലിപ്പുഴ ശുചീകരിക്കാൻ പുഴയിൽ പരിചയമുള്ള കയാക്കർമാർക്ക് മാത്രമേ കഴിയുകയുള്ളു എന്നതിനാലാണ് തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി തന്നെ ഈ പ്രവർത്തനം ഏറ്റെടുത്ത് നടത്തിയത്.