കോഴിക്കോട്:ജീവിത ഭാരത്തിനും യാതനകള്‍ക്കുമിടയിൽ സത്യഭാമ എന്ന അറുപതുകാരിയുടെ ജീവിതം ഇപ്പോള്‍ വേറിട്ടതാണ്. മലപ്പുറം സ്വദേശിയായ സത്യഭാമയ്ക്ക് കലയോട് മുന്‍പരിചയം ഒന്നുമില്ലെങ്കിലും ജീവിത യാതനകള്‍ക്കിടിയല്‍ കണ്ടെത്തിയ ചിത്രം വരയിലൂടെ ഇവര്‍ ഏറെ സന്തോഷം കണ്ടെത്തുന്നുണ്ട്. അങ്ങനെ ജീവിതത്തിന് ആശ്വാസം നല്‍കാന്‍ കലക്ക് കഴിയുമെന്നതിന്‍റെ യാഥാര്‍ഥ്യമാണ് 'തെരിക' എന്നു പേരിട്ട ചിത്രപ്രദര്‍ശനത്തിലൂടെ സത്യഭാമ നമുക്ക് കാട്ടിത്തരുന്നത്.
ജീവിത ഭാരത്തിന് നിറം നൽകിയത് അറുപതാം വയസിൽ; വേറിട്ട വരയുടെ 'തെരിക'യുമായി സത്യഭാമ - വേറിട്ട വരയുടെ 'തെരിക'യുമായി സത്യഭാമ
മലപ്പുറം സ്വദേശിയായ സത്യഭാമ കൊവിഡ് കാലത്തെ അടച്ചിടലിൽ വരച്ച് തുടങ്ങിയ ചിത്രങ്ങളാണ് കോഴിക്കോട് ലളിത കല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിനായി വെച്ചിട്ടുള്ളത്.
ജീവിതം നല്‍കിയ ചിത്രപാഠം: പത്ത് വയസ് മുതല്‍ ജോലിക്ക് പോയിത്തുടങ്ങിയ സത്യഭാമ കൊവിഡ് കാലത്തെ അടച്ചിടലിലാണ് ജീവിതത്തിന് പുതിയ നിറങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ജോലിക്ക് പോകാന്‍ സാധിക്കാതെ വീട്ടില്‍ മാത്രം ഒതുങ്ങിയതോടെ പേനയെടുത്ത് സഹോദരന്‍റെ മകനോടൊപ്പം ചിത്രം വരച്ചു തുടങ്ങി. അങ്ങനെ അറിയാതെ പോലും വരക്കുന്ന ഓരോ കുത്തുകളില്‍ നിന്ന് അവര്‍ ജീവനുള്ള ആശയങ്ങള്‍ക്ക് രൂപം നല്‍കി.
കലാവൈഭവത്തെ ഉരുക്കിയെടുത്ത് അനേകം കുത്തുകള്‍ക്ക് രൂപവും ഭാവവും നല്‍കി നാം ദൈനംദിനം കാണുന്ന പലതിനേയും തന്‍റേതായ രീതിയിൽ വരച്ചെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി വെച്ചിട്ടുള്ളത്. സത്യഭാമ തന്നെ നിർമ്മിച്ച കളിമണ്‍ ശിൽപ്പങ്ങളും പ്രദർശനത്തിനുണ്ട്. കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന തെരിക എന്ന ചിത്ര പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തുന്നത്.