കോഴിക്കോട്:മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് അറസ്‌റ്റ് ചെയ്‌ത താഹയുടെ മാവോയിസ്‌റ്റ് ബന്ധത്തില്‍ കൂടുതല്‍ വിശദീകരണവുമായി പൊലീസ്. 2016 നവംബറിൽ കരുളായി വനത്തിൽ തണ്ടർബോൾട്ടിന്‍റെ വെടിയേറ്റ മാവോയിസ്റ്റ് നേതാവായ കുപ്പു ദേവരാജ് മരിച്ച ശേഷമാണ് താഹ ഫസൽ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായതെന്ന് പൊലീസ് പറഞ്ഞു.
താഹ മാവോയിസ്‌റ്റ് പ്രവർത്തനങ്ങളിൽ സജീവമായത് കുപ്പു ദേവരാജിന്‍റെ മരണശേഷമെന്ന് പൊലീസ്
കൂപ്പു ദേവരാജ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, പൊലീസ് നടപടിക്കെതിരെ കോഴിക്കോട് നഗരത്തിൽ നടന്ന പ്രതിഷേധങ്ങളില്‍ താഹയും പങ്കെടുത്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
നിലമ്പൂർ കരുളായി വനത്തിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ചതിനെ തുടർന്നുള്ള പ്രതിഷേധങ്ങളും ചർച്ചകളും താഹയെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നാണ് പൊലീസ് കരുതുന്നത്. കൂപ്പു ദേവരാജ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെതിരെ കോഴിക്കോട് നഗരത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇത്തരം പ്രതിഷേധ പരിപാടിയിലെ പങ്കാളിത്തത്തിലൂടെ അർബൻ നക്‌സലുകളുമായി ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തനങ്ങളില്‍ സജീവമായതാവാമെന്നാണ് പൊലീസ് നിഗമനം.
നഗരത്തിൽ മാവോയിസ്റ്റ് ആശയം പ്രചരിപ്പിക്കുന്ന കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പിടിയിലായ ഇരുവരുടെയും സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇരുവരുടെയും ഫോൺ കോളുകളും സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.