കേരളം

kerala

ETV Bharat / city

എന്നും പാലക്കാടിന്‍റെ വിപ്ലവാവേശം, മാഷും സഖാവും പിന്നെ മികച്ച ഭരണാധികാരിയും - ടി ശിവദാസമേനോൻ ജീവചരിത്രം

അധ്യാപകരുടെ അവകാശ-സമര പോരാട്ടങ്ങളില്‍ നിന്ന് പാലക്കാട് ജില്ലയുടെ സിപിഎമ്മിന്‍റെ അമരക്കാരനായി ശിവദാസമേനോൻ അതിവേഗമാണ് മാറിയത്. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും പ്രിയപ്പെട്ടവർക്ക് ശിവദാസമേനോൻ എന്നും 'മാഷ്' ആണ്.

t sivadasa menon cpm minister life history
എന്നും പാലക്കാടിന്‍റെ വിപ്ലവാവേശം, മാഷും സഖാവും പിന്നെ മികച്ച ഭരണാധികാരിയും

By

Published : Jun 28, 2022, 2:56 PM IST

പാലക്കാട്/കോഴിക്കോട്: മൂന്ന് തവണ പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ 1987ല്‍ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കത്തില്‍ ജയം. 1980ലും 1982ലും ഇകെ നായനാർ പ്രതിനിധീകരിച്ച മലമ്പുഴയില്‍ നിന്നാണ് 1987ല്‍ ടി ശിവദാസമേനോൻ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ഒട്ടും യാദൃശ്ചികമായിരുന്നില്ല അപ്പോഴും കാര്യങ്ങൾ. മുഖ്യമന്ത്രിയായി ഇകെ നായനാർ. ആദ്യമായി നിയമസഭയിലെത്തിയ ശിവദാസമേനോനെ കാത്തിരുന്നത് കേരളത്തിന്‍റെ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകളുടെ മന്ത്രി സ്ഥാനം.

രാഷ്ട്രീയത്തിലെത്തുന്നതിന് മുൻപ് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ എയ്‌ഡഡ് സ്കൂളിൽ അധ്യാപകനായിരുന്നു ടി ശിവദാസമേനോൻ. 25-ാം വയസ്സിൽ അതേ സ്‌കൂളിലെ പ്രധാനധ്യാപകനായി. ഇതൊരു റെക്കോഡാണ്. അധ്യാപകരുടെ സംഘടനയ്ക്ക് രൂപമുണ്ടാകാനും മാനേജ്മെന്‍റ് സ്കൂളിലെ അധ്യാപകർ അംഗീകരിക്കപ്പെടാനും ശിവദാസമേനോൻ നടത്തിയ പോരാട്ടങ്ങളാണ് പിന്നീട് കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന് കരുത്തായി മാറിയത്.

അധ്യാപകരുടെ അവകാശ-സമര പോരാട്ടങ്ങളില്‍ നിന്ന് പാലക്കാട് ജില്ലയുടെ സിപിഎമ്മിന്‍റെ അമരക്കാരനായി ശിവദാസമേനോൻ അതിവേഗമാണ് മാറിയത്. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും പ്രിയപ്പെട്ടവർക്ക് ശിവദാസമേനോൻ എന്നും 'മാഷ്' ആണ്.

സിപിഎമ്മിലെ 'ബദൽ രേഖ' വിവാദ കാലത്ത് എംവി രാഘനൊപ്പം നിന്നെങ്കിലും പിന്നീട് നായനാർക്കൊപ്പം ഔദ്യോഗിക പക്ഷത്ത് നിന്നു. പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായപ്പോൾ വലംകൈയായി ഉറച്ചു നിന്നു. ദീർഘകാലം സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ചിട്ടും മേൽക്കമ്മിറ്റിയിലേക്ക് പോകാൻ കഴിയാത്തതിൽ അദ്ദേഹം പരിഭവം കാണിച്ചില്ല.

വിഎസ് - പിണറായി വിഭാഗീയതയില്‍ വിഎസ്സിനെ ശിവദാസമേനോൻ പരസ്യമായി തള്ളിപ്പറഞ്ഞതും കേരളം കേട്ടതാണ്. 'ചെങ്കൊടിക്ക് മേലെ പറക്കാൻ ആർക്കും അധികാരമില്ല' എന്ന വാചകം ശിവദാസമേനോന് മാത്രം സ്വന്തം. മൂന്ന് തവണ തുടർച്ചയായി ജയിച്ച മലമ്പുഴയില്‍ ശിവദാസമേനോന് പകരക്കാരനായി വന്നത് സാക്ഷാല്‍ വിഎസ് അച്യുതാനന്ദനായിരുന്നു എന്നതും കൗതുകം.

1991ല്‍ വീണ്ടും മലമ്പുഴയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സിപിഎം അധികാരത്തിലെത്തിയില്ല. ആ ടേമില്‍ സിപിഎമ്മിന്‍റെ ചീഫ് വിപ്പായിരുന്നു. 1996ല്‍ വീണ്ടും ജയിച്ചപ്പോൾ ഇകെ നായനാർ മന്ത്രിസഭയില്‍ ധനവകുപ്പ് കൈകാര്യം ചെയ്തു. മന്ത്രിയായിരുന്നപ്പോൾ വികസനത്തിന്‍റെ കൊടി പിടിച്ചു. വിവാദങ്ങൾക്കും ക്ഷാമമുണ്ടായില്ല. കിഫ്ബിയുടെ ആദ്യ രൂപം സിപിഎമ്മിന്‍റെ ചർച്ചകളിലേക്ക് കൊണ്ടുവന്നത് ശിവദാസമേനോൻ ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ്.

എക്സൈസ് മന്ത്രിയായിരിക്കുമ്പോൾ നടന്ന കല്ലുവാതുക്കൽ മദ്യം ദുരന്തം വലിയ ചോദ്യങ്ങൾക്ക് വഴിവെച്ചു. മുഖ്യമന്ത്രിയായിരുന്ന നായനാർക്കൊപ്പം ഇരുന്ന് ചാരായം നിരോധിക്കില്ല എന്ന് ശിവദാസ മേനോൻ ഉറക്കെ പറഞ്ഞു. അനുഭവവും പാണ്ഡിത്യവും കൈമുതലായി വളർന്ന മാഷ്, കഴിഞ്ഞ മാസം നവതിയുടെ നിറവിലായിരുന്നു. മകൾക്കൊപ്പം മഞ്ചേരിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അതിനിടയിലാണ് ന്യൂമോണിയ ബാധിതനായപ്പോൾ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നർമ്മത്തിൽ ഇംഗ്ലീഷ് കലർത്തി പാർട്ടി സഖാക്കളെയും ഒപ്പം കേരളത്തെയും ചിരിപ്പിച്ച 'മാഷ്' വിട വാങ്ങുമ്പോൾ സിപിഎമ്മിന് തീരാനഷ്‌ടം തന്നെയാണ്. മാഷായും സഖാവായും നിറഞ്ഞു നിന്ന് പാലക്കാട്ടെ സിപിഎമ്മിന് എന്നും കരുത്തായിരുന്ന ശിവദാസമേനോൻ വിടപറയുമ്പോൾ കോട്ടമൈതാനത്തെ രാഷ്ട്രീയ പ്രസംഗങ്ങൾക്കും വായനയും ചിരിയും നിറയുന്ന സൗഹൃദ ചർച്ചകൾക്കും കൂടിയാണ് അവസാനമാകുന്നത്.

ABOUT THE AUTHOR

...view details