കോഴിക്കോട്:ടി.പി ചന്ദ്രശേഖരൻ വധക്കേസ് വീണ്ടും നിയമപോരാട്ടത്തിലേക്ക്. 2014ലെ വിചാരണക്കോടതി വിധിക്കെതിരായ ഹർജികൾ ഒക്ടോബർ അഞ്ചിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും കാസർകോട് മുൻ ഡിസിസി പ്രസിഡന്‍റുമായ അഡ്വ. സി.കെ ശ്രീധരൻ തനിക്ക് ആരോഗ്യ കാരണങ്ങളാൽ തുടരാനാകില്ലെന്നറിയിച്ച് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകി. പകരം ഡൽഹിയിൽ നിന്ന് കപിൽ സിബലിനെയോ മറ്റ് വിദഗ്‌ദരായ അഭിഭാഷകരെയോ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെ.കെ രമ എംഎൽഎ സർക്കാരിനെ ഉടൻ സമീപിക്കും.
അന്ന് പ്രതിഭാഗം, ഇന്ന് സർക്കാരിൽ
ടിപി കേസിൽ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണ സംഘാംഗങ്ങൾക്കും യുഡിഎഫ് സർക്കാരിനും എതിരെ നിരന്തരം ആഞ്ഞടിച്ച അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ രമയുടെ ആവശ്യം അംഗീകരിക്കുമോ എന്നതിലാണ് ആകാംക്ഷ. അന്ന് പ്രതികൾക്കായി കോടതിയിൽ വാദിച്ച കെ.ഗോപാലകൃഷ്ണക്കുറുപ്പാണ് ഇപ്പോൾ അഡ്വക്കറ്റ് ജനറൽ. അദ്ദേഹത്തിന്‍റെ നിലപാടും കേസിൽ നിർണായകമാണ്.