കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്.ഐ നിജേഷൻ, എ.എസ്.ഐ അരുൺ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവർക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥരുടെ നടപടിയിൽ വീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് ഉത്തര മേഖല ഐ.ജിയുടെ നിർദേശപ്രകാരമാണ് നടപടി.
സംഭവത്തിൽ വലിയ ജനകീയ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച വടകര കല്ലേരി സ്വദേശി സജീവനാണ് (41) വെള്ളിയാഴ്‌ച മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയുടെ മര്‍ദനമേറ്റ സജീവന്‍ സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
വ്യാഴാഴ്‌ച രാത്രി സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടായി. നഷ്‌ടപരിഹാര തുകയെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് വിഷയം പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ സജീവനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മര്‍ദിച്ചതായി സുഹൃത്തുക്കള്‍ ആരോപിച്ചു.
നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് സജീവന്‍ പറഞ്ഞെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വാഹനാപകടത്തെ തുടര്‍ന്നുള്ള തര്‍ക്കം പരിഹരിച്ചതിന് പിന്നാലെ സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങവെ സജീവന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സജീവൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരുകയാണ്.