വേനലില്‍ കരിഞ്ഞുണങ്ങി കോഴിക്കോട് സരോവരം പാർക്ക് - സരോവരം ബയോപാർക്ക്
ചെടികൾ നനയ്ക്കാൻ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്തവേനലിൽ പാർക്ക് ചെടികളുടെ ശവപ്പറമ്പായി മാറും
sarovaram1
നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സരോവരം ബയോപാർക്കിന്‍റെ ശോചനീയവസ്ഥ കണ്ടിട്ടും ഉത്തരവാദിത്തപ്പെട്ടവർക്ക് അനക്കമില്ല. ഈ അവസ്ഥ തുടരുകയാണെങ്കിൽ ബയോപാർക്ക് ഓര്‍മ്മയില്‍ മാത്രമാകും.ദിവസം കൂടുംതോറും വേനൽചൂട് വര്‍ദ്ധിക്കുകയാണ്. അതിനു മുന്നേ ബയോപാർക്കിലെ ചെടികൾ ഉണങ്ങി കരിയാൻ തുടങ്ങി. പാർക്കിൽ വലിയ കിണറുണ്ടെങ്കിലും നനയ്ക്കാൻ ആരുമില്ല. ബയോപാർക്ക് ഉണങ്ങി കരിയുമ്പോഴും ഉത്തരവാദിത്തപ്പെട്ടവർ മൗനം പാലിക്കുകയാണ്. കണ്ടൽക്കാടുകളും മറ്റു മരങ്ങളും സസ്യങ്ങളുമുളള ജൈവ ഉദ്യാനം വേണ്ടവിധം പരിപാലനം ലഭിക്കാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ചട്ടികളിൽ ഉണങ്ങിവരണ്ട മണ്ണു മാത്രമാണ് ബാക്കിയുള്ളത്. പാർക്ക് തുടങ്ങിയ കാലം മുതൽ നിർമ്മാണം പൂർത്തിയാക്കി പൂട്ടിയിട്ട മൂന്നു കെട്ടിടങ്ങളുണ്ട്. കഫ്റ്റീരിയ, വാണിജ്യ സ്റ്റാളുകൾ, ഓഡിറ്റോറിയം എന്നിവയാണവ. കുട്ടികൾക്കായി നിർമ്മിച്ച പാർക്കിന്‍റെ അവസ്ഥ അതിശോചനീയമാണ്. തടാകത്തിൽ ബോട്ടിംഗ് നിലച്ചിട്ട് വർഷങ്ങളായി. ബോട്ട് ജെട്ടി പുതുക്കി പണിതിട്ടും ബോട്ടിംഗ് ആരംഭിച്ചിട്ടില്ല. തകർന്ന പല ബോട്ടുകളും തടാകത്തിൽ തന്നെയാണുള്ളത്. സരോവരം ബയോപാർക്കിന്‍റെ അവസ്ഥയ്ക്ക് എതിരെ ടി പി സജീന്ദ്ര ബാബുവിനെ നേതൃത്വത്തിൽ സരോവരം ഗ്രീൻ എക്സ് പ്രസ് ട്രസ്റ്റ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. നാട്ടുകാരെ പങ്കെടുപ്പിച്ചു ജനകീയ കമ്മിറ്റിയുണ്ടാക്കി പാർക്ക് സംരക്ഷിക്കുന്ന കാര്യം ആലോചിക്കുമെന്ന് ഡിടിപിസി സെക്രട്ടറി സി പി ബീന പറഞ്ഞു.
Last Updated : Mar 31, 2019, 10:54 PM IST