കോഴിക്കോട്: മണൽകൊള്ള രൂക്ഷമായെന്ന വിവരത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തിയപ്പോൾ കൽപ്പള്ളി കടവിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. അനധികൃതമായി തോണികളിൽ മണൽ വാരുന്ന സമയത്താണ് അധികൃതർ സ്ഥലത്തെത്തിയത്. ഉടൻ മണൽ തോണികൾ പുഴയിൽ താഴ്ത്തി പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
കൽപ്പള്ളി കടവിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുലപ്പാടി ഉമ്മർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.എം. അപ്പുകുഞ്ഞൻ, മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്‌മ എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കെത്തിയത്.
സംഭവം ഇങ്ങനെ
ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം കടവിലെത്തിയപ്പോൾ വിവിധ ഭാഗങ്ങളിലായി അഞ്ച് വലിയ ഇരുമ്പ് തോണികൾ പുഴയിലുണ്ടായിരുന്നു. നമ്പറില്ലാതിരുന്ന ഈ തോണികൾ മണലെടുക്കുന്നവയാണെന്ന സംശയത്തെ തുടർന്ന് തോണികളുടെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, കൃത്യമായ രേഖകൾ ഹാജരാക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല.
മണൽ തോണികൾ പിടിച്ചെടുക്കുന്നതിനിടെ പുഴയിൽ താഴ്ത്തി തുടർന്ന് ഇവ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചു. കെട്ടിവലിക്കാൻ ബോട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് ചിലരെത്തി മൂന്ന് തോണികൾ വെള്ളത്തിൽ ആഴ്ത്തിയത്. തുടർന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ നനഞ്ഞ വസ്ത്രവുമായെത്തിയ ആളെ പൊലീസ് പിടികൂടി. പാറമ്മൽ ഓനാക്കിൽ ജംഷീർ അലിയെയാണ് (28) പിടികൂടിയത്. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പുഴയിൽ താഴ്‌ത്തിയ തോണികളിലൊന്ന് ജെ.സി.ബി കൊണ്ടുവന്ന് പുറത്തെടുത്തു.
കസ്റ്റഡിയിലെടുത്ത രണ്ട് തോണികൾ തുടർന്ന് ബോട്ടുപയോഗിച്ച് കെട്ടിവലിച്ച് മാവൂർ മണന്തല കടവിലെത്തിച്ചിട്ടുണ്ട്. ഈ തോണികൾ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ചിലർ രംഗത്തെത്തിയത് മണന്തലക്കടവിൽ തർക്കത്തിനും ഇടയാക്കി.
ALSO READ:ഹൈദരാബാദിൽ രണ്ട് പേരെ തലയ്‌ക്കടിച്ച് കൊന്ന 'സൈക്കോ കില്ലർ' അറസ്റ്റിൽ