കോഴിക്കോട് :സംസ്ഥാനത്ത് സ്‌കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്താമെന്ന നിർദേശം ഒഴിവാക്കിയ സർക്കാർ നടപടി സ്വാഗതം ചെയ്‌ത് സമസ്‌ത. ചില ഭാഗങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. സമത്വത്തിന്‍റെ പേരിൽ നടപ്പാക്കുന്ന പരിഷ്‌കരണം സ്ത്രീ സുരക്ഷയ്ക്ക് തടസം ആകരുത്.
കൂടുതൽ മാറ്റങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഈ വിഷയങ്ങൾ ഉന്നയിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. സർക്കാർ തീരുമാനത്തെ കാന്തപുരം എ പി അബൂബക്കൾ മുസ്‌ലിയാരും സ്വാഗതം ചെയ്‌തു. ജനവികാരം മനസിലാക്കി സർക്കാർ നിലപാടുകൾ കൈക്കൊള്ളുന്നത് ജനാധിപത്യ സംവിധാനത്തെ കൂടുതൽ തെളിച്ചമുള്ളതാക്കുമെന്ന് കാന്തപുരം അബൂബക്കൾ മുസ്‌ലിയാർ പറഞ്ഞു.
കേരളത്തിന്‍റെ പാരമ്പര്യത്തിനും ബഹുസ്വരതയ്ക്കും യോജിച്ച നിലപാടാണ് മുഖ്യമന്ത്രി പറഞ്ഞത്. സർക്കാർ നിലപാട് കേരളത്തിന്‍റെ ഭാവിയെ കൂടുതൽ മനോഹരമാക്കുകയും സമൂഹങ്ങൾക്കും ഭരണകൂടങ്ങൾക്കുമിടയിൽ അനൈക്യം സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും കാന്തപുരം വ്യക്തമാക്കി. സമസ്‌ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ എതിർപ്പ് അറിയിച്ചതോടെയാണ് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ടുപോയത്.
Also read: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നമെന്ന് വി ശിവന്‍കുട്ടി
ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടിൽ നിന്നാണ് ഈ നിർദേശം ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്‌ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയിൽ അധിഷ്‌ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്.