കോഴിക്കോട്: സാധാരണ മനുഷ്യർ ഇഷ്‌ടമുള്ള ജോലി ആസ്വദിക്കുന്ന അതേ മാനസികാവസ്ഥയിലാണ് സൈക്കോപ്പതിക് പേഴ്‌സണാലിറ്റിയുള്ളവർ കുറ്റകൃത്യങ്ങൾ ആസ്വദിക്കുകയെന്ന് മനശാസ്‌ത്ര രംഗത്തെ വിദഗ്‌ധർ. ഇത്തരം മാനസികാവസ്ഥയുള്ളവര്‍ അവർ നടത്തുന്ന ഓരോ കൊലപാതത്തിലും ആനന്ദം കണ്ടെത്തുമെന്ന് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ മന:ശാസ്‌ത്രവിഭാഗം പ്രൊഫ.ഡോ. പി. എൻ. സുരേഷ് കുമാർ പറയുന്നു.
ജോളി സൈക്കോപതിക് പേഴ്‌സണാലിറ്റി, ഇത്തരക്കാര്‍ കൊലപാതകം ആസ്വദിക്കുന്നവരെന്ന് വിദഗ്‌ദര്‍ കൂടത്തായി കൊലപാത പരമ്പരയിൽ അറസ്റ്റിലായ ജോളിയും ഇതേ പെരുമാറ്റമാണ് പ്രകടിപ്പിക്കുന്നത്. ഇത്തരക്കാർ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഏത് മാർഗവും ഉപയോഗിക്കും. അടുത്ത ബന്ധുക്കളെ പോലും കൊല്ലുന്നതിന് ഇവർക്ക് യാതൊരു പ്രയാസവും ഉണ്ടാവില്ലെന്ന് ഡോ. പി. എൻ. സുരേഷ് കുമാർ വ്യക്തമാക്കി.
സൈക്കോപ്പതിക് പേഴ്സണാലിറ്റിക്കാരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുക മാത്രമാണ് ഇവരുടെ കുറ്റകൃത്യങ്ങൾ തടയാനുള്ള ഏക മാർഗമെന്നാണ് മന:ശാസ്‌ത്ര വിദഗ്‌ധർ പറയുന്നത്. തങ്ങൾ ചെയ്യുന്ന പ്രവൃത്തിയിൽ ഒരിക്കലും മാനസാന്തരം ഉണ്ടാവാനിടയില്ലാത്ത ഇത്തരക്കാർ കുറ്റകൃത്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുക്കുമെന്നും ഡോക്‌ടര്‍ പറയുന്നു.
സൈക്കോപ്പതിക് പേഴ്സണാലിറ്റിയുള്ളവർ കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ വളരെ സൂക്ഷ്‌മമായി പദ്ധതി തയ്യാറാക്കി പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ള മാർഗമാണ് തെരഞ്ഞെടുക്കുക. ഇത്തരം രഹസ്യങ്ങൾ ഇവർ സമാന സ്വഭാവമുള്ളവരുമായിട്ട് കൂടുതൽ പങ്കു വയ്ക്കുമെന്നും ഡോ. പി. എൻ. സുരേഷ് കുമാർ പറഞ്ഞു.