കോഴിക്കോട്: സ്റ്റാഫ് നഴ്‌സ് ഇല്ലാത്തതിനെ തുടർന്ന് ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സയിലുള്ള രോഗിയെ ഡിസ്‌ചാർജ് ചെയ്‌ത് വിട്ട് അടച്ചുപൂട്ടി. മാവൂർ, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയമായ ചെറൂപ്പ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ കിടത്തി ചികിത്സ വിഭാഗം മുടങ്ങിയിരിക്കുകയാണ്.
പകൽ 9 മുതൽ 12 വരെ മാത്രമാണ് അത്യാഹിത വിഭാഗം, ഫാർമസി എന്നിവ പ്രവർത്തിക്കുന്നത്. കാലവർഷത്തോടൊപ്പം പനി ഉൾപ്പെടെ നിരവധി പകർച്ചവ്യാധികളും ആയി എത്തുന്ന രോഗികൾക്ക് ആശ്വാസമായിരുന്നു ഈ ആരോഗ്യ കേന്ദ്രം. ആവശ്യമായ ജീവനക്കാരെ നിയമിക്കേണ്ടത് മെഡിക്കൽ കോളജ് പ്രിൻസിപ്പാളാണ്. ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ടത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും.