കോഴിക്കോട്: വാക്കിൽ മാത്രമല്ല പ്രവർത്തനമേഖലയിലും പെൺകരുത്ത് തെളിയിക്കുകയാണ് സിപിഎം. പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുമ്പോഴാണ് പാർട്ടിയിലെ പെൺ കരുത്ത് വർധിക്കുന്നത്. കോഴിക്കോട് ജില്ലയിലെ 4192 ബ്രാഞ്ചുകളിൽ സമ്മേളനം പൂർത്തിയായപ്പോൾ 345 ബ്രാഞ്ചുകളും നയിക്കുന്നത് വനിതകള്‍.
കഴിഞ്ഞ തവണ 3857 ബ്രാഞ്ചുകളുള്ളപ്പോൾ 111 വനിതകളായിരുന്നു സെക്രട്ടറിമാർ. എന്നാൽ നാല് വർഷത്തിനിടെ ബ്രാഞ്ചുകൾ 4192 ആയി ഉയർന്നപ്പോൾ 234 വനിതകൾ കൂടി കൂടുതൽ സെക്രട്ടറിമാരായി. ജില്ലയിൽ ഏറ്റവുമധികം വനിതകൾ ബ്രാഞ്ച് സെക്രട്ടറിമാരായിട്ടുള്ളത് 47 പേരുള്ള ഫറോക്ക് ഏരിയയിലാണ്
നാദാപുരം 13, ഒഞ്ചിയം 13, വടകര 22, പയ്യോളി 18, ബാലുശേരി 23, കക്കോടി 25, താമരശേരി 20, കുന്നുമ്മൽ 24, തിരുവമ്പാടി 21, കുന്നമംഗലം 11, കോഴിക്കോട് സൗത്ത് 27, കോഴിക്കോട് ടൗൺ 14, കോഴിക്കോട് നോർത്ത് 10, കൊയിലാണ്ടി 24, പേരാമ്പ്ര 33 എന്നിങ്ങനെയാണ് ഏരിയ തിരിച്ചുള്ള വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണം.
സെൻട്രൽ കണ്ണങ്കോടിൽ കുഞ്ഞനന്തന്‍റെ മകൾ
കാസർകോട് ജില്ലയിലെ 1875 ബ്രാഞ്ചുകളിൽ 121 ബ്രാഞ്ചുകളിൽ വനിതകളാണ് സെക്രട്ടറിമാർ. കണ്ണൂരിൽ 3838 ബ്രാഞ്ചുകളിൽ 163 ഇടത്ത് വനിതകളാണ് സെക്രട്ടറിമാർ. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്‍റെ മകള്‍ പി.കെ ഷബ്‌നയാണ് സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ചിനെ നയിക്കുക.
വയനാട് ആകെ 724 ബ്രാഞ്ചുകളാണുള്ളത്. ഇതിൽ 44 വനിത സെക്രട്ടറിമാരും. മലപ്പുറത്ത് 2315 ബ്രാഞ്ചുകളിൽ 68 ബ്രാഞ്ചുകളിൽ വനിതകളാണ് സെക്രട്ടറിമാർ. പാലക്കാട് ജില്ലയിൽ ആകെയുള്ള 3063 ബ്രാഞ്ചുകളിൽ 2962 സമ്മേളനങ്ങളാണ് പൂർത്തിയായത്. അതിൽ 137 ഇടത്ത് വനിത നേതൃത്വമാണ്.