കോഴിക്കോട്:മുസ്‌ലിം ലീഗിലെ 'പക്ഷ'ങ്ങൾ പാർട്ടിക്ക് പ്രതിസന്ധിയാകുന്നു. പികെ കുഞ്ഞാലിക്കുട്ടി പക്ഷവും കെഎം ഷാജി, എംകെ മുനീർ കൂട്ടുകെട്ടുമാണ് ലീഗിൽ അസാധാരണ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ലീഗില്‍ കേട്ടുകേൾവിയില്ലാത്ത അച്ചടക്ക സമിതി രൂപീകരണം പ്രതിസന്ധി തുറന്ന് കാട്ടുന്നു.
സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെ ഒപ്പം നിർത്തി അതിശക്തനാകാനുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങൾക്കാണ് ഷാജിയെ മുൻനിർത്തി ഒരു വിഭാഗം തടയിടാൻ ശ്രമിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ടെന്നടക്കം പാർട്ടി യോഗത്തിൽ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെ വിമർശന ശരങ്ങളാണ്. അതിപ്പോൾ പരസ്യ പ്രതികരണങ്ങളായി മാറിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജി:എല്‍ഡിഎഫ് സര്‍ക്കാരിനോട് പികെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെഎം ഷാജിയും കെഎസ് ഹംസയും നടത്തിയത്. കെഎസ് ഹംസയെ നേരത്തെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധം ഷാജി നടത്തുന്ന പ്രസംഗങ്ങള്‍ നേതാക്കളെ പ്രതിരോധത്തിലാക്കുന്നു എന്നായിരുന്നു ചില നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം.
പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നേതാക്കൾക്ക് തിരിച്ചടിയാകുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. വിദേശത്തായതിനാല്‍ ഷാജി കഴിഞ്ഞ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് വിവാദ പരാമർശങ്ങൾ ചർച്ച ചെയ്യാന്‍ ലീഗ് ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരുന്നത്. ഷാജിയെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കും.
അച്ചടക്ക സമിതി രൂപീകരണത്തിന് പിന്നില്‍:കെഎം ഷാജിക്കെതിരെ നീക്കം കടുപ്പിക്കുകയാണ് പികെ കുഞ്ഞാലിക്കുട്ടി പക്ഷം. സംഘടനയില്‍ അഞ്ചംഗ അച്ചടക്ക സമിതി കൊണ്ടുവരാനാണ് തീരുമാനമായിരിക്കുന്നത്. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സമീപകാലത്ത് പരസ്യ പ്രതികരണം നടത്തുന്നവരുടെ മുനയൊടിക്കുക കൂടിയാണ് ഇത്തരമൊരു സമിതി രൂപീകരിക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
കെഎം ഷാജിക്കൊപ്പമുള്ള പ്രവർത്തകരുടെ അംഗബലം ലീഗ് നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്. ഷാജിക്കെതിരെ കടുത്ത തീരുമാനങ്ങൾ എടുത്താൽ അത് വലിയ കലാപമാകുമെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ നേതൃത്വത്തെ കടന്നാക്രമിക്കുന്ന ഷാജിയേയും കൂട്ടരേയും ഒതുക്കി നിർത്താത്തതിൽ കുഞ്ഞാലിക്കുട്ടി അനുകൂലികളും കടുത്ത പ്രതിഷേധത്തിലാണ്.
Also Read:പൊട്ടിത്തെറിയുണ്ടാവില്ല, കെഎം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ': എം കെ മുനീര്‍