കോഴിക്കോട്: മുസ്ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്‍റേതാണ് തീരുമാനം. മുസ്ലിം ലീഗിന്‍റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിലാണ് സാദിഖലി ശിഹാബ് തങ്ങളെ ലീഗിന്‍റെ അധ്യക്ഷനായി പ്രഖ്യാപിച്ചത്.
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്‍റ് പ്രൊഫ. കെ.എം ഖാദർ മൊയ്‌തീന്‍ സാഹിബ് ഉൾപ്പടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് മുസ്‌ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി തങ്ങളെ തെരഞ്ഞെടുത്തത്. ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് അറിയിച്ചു.
അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങള്‍. ഹൈദരലി തങ്ങൾ അസുഖ ബാധിതനായപ്പോൾ സാദിഖലി തങ്ങൾക്കായിരുന്നു താത്കാലിക ചുമതല. രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനായും സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി.
2009 മുതൽ മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റും ഉന്നതാധികാര സമിതി അംഗവുമാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. 2016ൽ പാർട്ടി അച്ചടക്ക സമിതി ചെയർമാനായി. 2018ൽ ഉന്നതാധികാര സമിതി രൂപീകരിച്ചപ്പോൾ സമിതി അംഗമായി.
നിരവധി സുപ്രധാന ചുമതലകള്‍ വഹിച്ചു
പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചി ബീവിയുടെയും നാലാമത്തെ മകനായി 1964 മെയ് 25നാണ് ജനനം. അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്‍റ്), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങൾ, ഖദീജ ബീ കുഞ്ഞിബീവി എന്നിവരാണ് സഹോദരങ്ങള്‍.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വേളയിലാണ് 2009 ഒക്‌ടോബര്‍ 10ന് മലപ്പുറം ജില്ല പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്, സമസ്‌തയുടെ വിദ്യാര്‍ഥി സംഘടനായ എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്‍റ് എന്നീ സുപ്രധാന ചുമതലകൾ നിർവഹിച്ചിരുന്നു.
Also read: അനിയന്ത്രിത ജനപ്രവാഹം; അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് നിരവധി പ്രമുഖര്‍
പട്ടിക്കാട് ജാമിഅ നൂരിയ ജനറൽ സെക്രട്ടറി, വളവന്നൂർ ബാഫഖി യത്തീംഖാന പ്രസിഡന്‍റ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ വൈസ് പ്രസിഡന്‍റ്, എരമംഗലം ദാറുസ്സലാമത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡന്‍റ്, കാടഞ്ചേരി നൂറുൽ ഹുദാ ഇസ്‌ലാമിക് കോളജ് പ്രസിഡന്‍റ്, എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി അംഗം, കോഴിക്കോട് ഇസ്ലാമിക് സെന്‍റര്‍ ചെയർമാൻ തുടങ്ങി വിവിധ പദവികൾ വഹിക്കുന്നുണ്ട്.