കോഴിക്കോട്:കനത്ത സുരക്ഷയ്‌ക്കിടയിലും മുഖ്യമന്ത്രി പിണാറായി വിജയനെതിരെ പ്രതിഷേധം ശക്തം. മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പരിപാടികളായിരുന്നു മുഖ്യമന്ത്രിയ്‌ക്ക് ഇന്നുണ്ടായിരുന്നത്. കനത്ത സുരക്ഷ സന്നാഹങ്ങൾ ഒരുക്കിയെങ്കിലും അഞ്ചിടത്തും മുഖ്യമന്ത്രി നേരിട്ടത് കടുത്ത പ്രതിഷേധം.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം ജനത്തെ വലച്ച് സുരക്ഷ സന്നാഹം:ഇന്നലത്തേതിന് സമാനമായി ഇന്നും മുഖ്യമന്ത്രിയ്‌ക്ക് ഒരുക്കിയത് അസാധാരണ സുരക്ഷ ക്രമീകരണങ്ങളായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരത്തോളം പൊലീസുകാരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ തീർത്തത്. ഈ സുരക്ഷ സന്നാഹം പൊതുജനത്തെയും ഏറെ വലച്ചു.
തൃശൂരിൽ നിന്ന് രാവിലെ മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമായി കുറ്റിപ്പുറം കെടിഡിസി ഹോട്ടലിലായിരുന്നു സജ്ജീകരണം ഒരുക്കിയത്. പ്രതിഷേധം ഭയന്ന് അതിന് സമീപത്തെ ഹോട്ടലുകൾ പോലും അടപ്പിച്ചു. സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം-പൊന്നാനി റോഡും അടച്ചതോടെ പൊതുജനം ആശ്രയിച്ചത് ബദൽ റോഡുകളാണ്.
Read more: മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം: കുറ്റിപ്പുറം-പൊന്നാനി റോഡില്‍ ഗതാഗതം നിരോധിച്ചു
കരിങ്കൊടി പ്രതിഷേധം ഭയന്ന് പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്‌ക്കുകളും അഴിപ്പിച്ചു. സുരക്ഷ പരിശോധനയുടെ ദൃശ്യങ്ങൾ എടുക്കരുതെന്നും പൊലീസ് നിർദേശിച്ചു. ഇത്രയും കരുതൽ നടപടികൾ ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദികൾക്ക് സമീപം പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം: തവനൂരിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചാണ് നേരിട്ടത്. മലപ്പുറം മുതല്‍ കോഴിക്കോട് വരെ വഴിനീളെ മുഖ്യമന്ത്രിയ്‌ക്ക് നേരെ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. മലപ്പുറം കുര്യാട് കോണ്‍ഗ്രസ്–മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും, കോട്ടക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.
മലപ്പുറം പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. കോഴിക്കോട് പന്തീരങ്കാവ് കൊടല്‍ നടക്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസ് പരിസരത്തും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദികളിലും പൊലീസ് നിയന്ത്രണം ശക്തമായിരുന്നു.
ഇതിനിടയിലും കാരപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകർ മുഖ്യമന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് രൂപതയുടെ ശതാബ്‌ദി ചടങ്ങിലും കറുത്ത മാസ്‌കിനും വസ്‌ത്രങ്ങൾക്കും വിലക്കേര്‍പ്പെടുത്തി. അതേസമയം വരും ദിവസങ്ങളിലും മുഖ്യമന്ത്രിയ്‌ക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.
Also read: 'എനിക്കൊരു സുരക്ഷയും ഉണ്ടായിരുന്നില്ല' ; പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ ഉമ്മൻചാണ്ടി