കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ വയോജന നയത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന നവജീവന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്‌പാ വിതരണവും തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. എംപ്ലോയ്മെന്‍റ് എക്സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്‌തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50നും 65നും ഇടയില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് സ്വന്തമായി വരുമാനമാര്‍ഗം കണ്ടെത്തുന്നതിനായുള്ള നവീന സ്വയംതൊഴില്‍ പദ്ധതിയാണ് നവജീവന്‍. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകള്‍ പരമ്പരാഗത രീതി വിട്ട് വിപ്ലവകരമായ മാറ്റത്തിന്‍റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. വ്യക്തിഗത വായ്പ എന്നതിലുപരി ജീവിത സായാഹ്നത്തിലെത്തിയവരെ ആത്മവിശ്വാസമുള്ളവരാക്കി സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് നവജീവന്‍റെ ലക്ഷ്യം. വിവിധ മേഖലകളില്‍ പരിചയവും വൈദഗ്ധ്യവും ആര്‍ജിച്ചിട്ടുള്ള മുതിര്‍ന്ന പൗരന്മാരുടെ സേവനം സമൂഹ നന്മക്ക് പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നയെന്ന ലക്ഷ്യത്തോടെ ഡേറ്റാ ബാങ്ക് രൂപീകരിക്കുകയെന്നത് പദ്ധതിയുടെ ലക്ഷ്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം ഒട്ടേറെ നൂതന പദ്ധതികള്‍ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ ചരിത്രമാണ് എംപ്ലോയ്‌മെന്‍റ് സര്‍വീസ് വകുപ്പിന്‍റേതെന്നും മന്ത്രി പറഞ്ഞു.
വയോജനങ്ങള്‍ക്കായുള്ള 'നവജീവന്‍' സ്വയംതൊഴില്‍ വായ്പാ പദ്ധതി മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്‌തു - വയോജനങ്ങള്‍ക്കായുള്ള 'നവജീവന്‍' സ്വയംതൊഴില്‍ വാര്‍ത്ത
എംപ്ലോയ്മെന്‍റ് എക്സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്‌തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50നും 65നും ഇടയില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് സ്വന്തമായി വരുമാനമാര്‍ഗം കണ്ടെത്തുന്നതിനായുള്ള നവീന സ്വയംതൊഴില്‍ പദ്ധതിയാണ് നവജീവന്‍
എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്‌തവരെല്ലാം തൊഴില്‍ ഇല്ലാത്തവരല്ല. പേര് രജിസ്റ്റര്‍ ചെയ്‌തവരില്‍ എത്ര പേര്‍ക്ക് യഥാര്‍ഥത്തില്‍ തൊഴിലില്ലെന്ന് കണ്ടെത്തുന്നതിനായും അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി ഏത് മേഖലകളിലാണ് കൂടുതല്‍ ഇടപെട്ട് ശ്രദ്ധ നല്‍കേണ്ടതെന്നുള്ള കാര്യം മനസിലാക്കുന്നതിനുമായി സര്‍വേ നടത്തും. എംപ്ലോയ്മെന്‍റ് എക്സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്‌തവര്‍ക്കിടയില്‍ നടത്തുന്ന സര്‍വേ തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.ഐ.എല്‍.ഇ സ്ഥാപനം വഴിയാണ് സാധ്യമാക്കുക. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്ത് സര്‍വേ നടത്തുകയും അതിന്‍റെ വിവരങ്ങള്‍ മനസിലാക്കി കൂടുതല്‍ ഫലപ്രദമായി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എംപ്ലോയ്മെന്‍റ് എക്സ്‌ചേഞ്ചിന്‍റെ ഭാഗമായി കേരളത്തില്‍ പത്ത് ജില്ലകളില്‍ എംപ്ലോയിബിലിറ്റി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാല് ജില്ലകളില്‍ കൂടി സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. തൊഴില്‍ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നല്‍കും. വിവിധ മേഖലകളിലെ തൊഴിലുകളിലേക്ക് ആളുകളെ പ്രാപ്തരാക്കാനും ഉന്നത അവസരങ്ങള്‍ കൈവരിക്കാനും സെന്‍ററുകളുടെ പ്രവര്‍ത്തനത്തിലൂടെ സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.
പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡെവലപ്‌മെന്‍റ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ എംപ്ലോയ്മെന്‍റ് വകുപ്പിന്‍റെ കീഴില്‍ ആരംഭിച്ച പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്‍റ് സെന്‍ററിന്‍റെ നാലാം വാര്‍ഷികവും സ്മാര്‍ട്ട് ക്ലാസ് റൂമും മന്ത്രി ഉദ്ഘാടനം ചെയ്‌തു. പേരാമ്പ്ര സിഡിസിയിലെ പരിശീലന പദ്ധതിയിലൂടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗാര്‍ഥികള്‍ക്കും ജോലി ലഭിച്ചവര്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കും യാത്രയയപ്പും അനുമോദനവും നല്‍കി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.