കോഴിക്കോട്: മാതൃഭൂമിയുടെ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്‍ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തത്സമയം ഓൺലൈൻ ആയി ഒരുവർഷത്തെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി.
നൂറിന്‍റെ നിറവിൽ മാതൃഭൂമി; ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി ബിജിബാൽ ചിട്ടപ്പെടുത്തി ഗായിക സിത്താര കൃഷ്‌ണകുമാർ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് ആഘോഷചടങ്ങ് ആരംഭിച്ചത്. പിന്നാലെ കഥാകൃത്ത് ടി. പത്മനാഭന്‍റെ നേതൃത്വത്തിൽ 11 സാംസ്കാരിക നായകർ ദീപം തെളിയിച്ചു. ശതാബ്‌ദി ഫലകം ജ്ഞാനപീഠജേതാവ് എം.ടി വാസുദേവൻ നായർ അനാച്ഛാദനം ചെയ്തു.
മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജിങ് ഡയറക്‌ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ജോയന്‍റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് സ്വാഗതവും ഡിജിറ്റൽ ബിസിനസ് ഡയറക്‌ടർ മയൂരാ ശ്രേയാംസ് കുമാർ നന്ദിയും പറഞ്ഞു.
ALSO READ:"അരങ്ങുണർന്നു... പഴയ പൊലിമയോടെ": ചലച്ചിത്രമേളയ്ക്ക് തുടക്കമായി
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, കോൺഗ്രസ് എം.പി രാഹുൽഗാന്ധി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയർ ബീനാ ഫിലിപ്പ്, എം.കെ രാഘവൻ എം.പി, എളമരം കരീം എം.പി, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്‍റ് കെ. മാധവൻ, സംവിധായകൻ സത്യൻ അന്തിക്കാട്, നടൻ ഉണ്ണി മുകുന്ദൻ, എന്നിവർ ഓൺലൈനായും നേരിട്ടും ചടങ്ങിൽ പങ്കെടുത്തു.