കോഴിക്കോട്: ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. മുതുകാട് നാലാം ബ്ലോക്കിലെ ഉദയനഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പരിസരത്തുമാണ് ഇന്ന് പുലര്‍ച്ചയോടെ പോസ്റ്ററുകളും ബാനറുകളും കണ്ടത്. ഒരു മാസം മുൻപും മേഖലയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മുതുകാട് പയ്യാനിക്കോട്ടയെ തുരക്കാന്‍ ഖനന മാഫിയയെ അനുവദിക്കില്ല. കൃഷി ഭൂമി സംരക്ഷിക്കാന്‍ ഏതറ്റം വരെയും സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ മുന്നോട്ടു പോകും എന്നാണ് പോസ്റ്ററില്‍ പ്രധാനമായും പറയുന്നത്. പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മിനെതിരെയും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. സിപിഎം നുണകളെ തിരിച്ചറിയുക, ചെറുത്തുനില്‍ക്കുക, തിരിച്ചടിക്കുക, പോരാടുക, വിജയം വരിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നമ്മുടെ നാടിനെ തുരന്നെടുക്കാനുള്ള നീക്കത്തെയും ഈ പ്രദേശത്തെ പരിസ്ഥിതിയെയും തകര്‍ക്കുന്ന നീക്കത്തെയും ചെറുത്തു തോല്‍പിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്.