കോഴിക്കോട്: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച പ്രവാസി ഗോൾഡ് കാരിയറെന്ന് പൊലീസ്. മുത്താമ്പി സ്വദേശി ഹനീഫയെയാണ് വീട്ടിൽല്‍ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നെത്തിച്ച സ്വർണം കസ്റ്റംസ് പിടികൂടിയെന്ന വ്യാജരേഖയുണ്ടാക്കി ഉടമകളെ കബളിപ്പിച്ചെന്നും മൊഴി. കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് സ്വർണക്കടത്തിൻ്റെ ചുരുളഴിഞ്ഞത്.
ഉടമകളെ കബളിപ്പിച്ചെന്ന് മൊഴി
മൂന്ന് മാസം മുൻപാണ് ഹനീഫ ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. കാരിയറായിരുന്ന ഇയാൾ കൊണ്ടുവന്ന സ്വർണം മറ്റ് രണ്ട് സുഹൃത്തുക്കളുമായി വീതിച്ചു. കസ്റ്റംസ് റിപ്പോർട്ട് വ്യാജമായി നിർമിച്ച് ഉടമകൾക്ക് അയച്ചു. ഹനീഫയുടെ രണ്ട് സുഹൃത്തുക്കളെ നേരത്തെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായും പൊലീസിന് വിവരം ലഭിച്ചു.
വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി
ആളുകൾ നോക്കിനിൽക്കെ ശനിയാഴ്‌ച രാത്രിയാണ് തോക്ക് ചൂണ്ടി ഹനീഫയെ കാറിലേക്കു വലിച്ചുകയറ്റി തട്ടിക്കൊണ്ട് പോയത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തിങ്കളാഴ്‌ച രാവിലെ ഹനീഫയെ വിട്ടയച്ചു. മർദനമേറ്റ ഹനീഫയെ ആശുപത്രയിലേക്ക് മാറ്റിയെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഇയാളെ കാണാതായി. പൊലീസ് പോയതിന് ശേഷം വീണ്ടും ആശുപത്രിയിൽ എത്തിയ ഹനീഫയെ ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നില്‍ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഘം
ഒരുമാസം മുന്‍പ് മറ്റൊരു പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ അതേ സംഘമാണ് ഇതിന് പിന്നിലുമെന്നാണ് പൊലീസ് സംശയിക്കുന്നത്. അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഘവുമായി ഹനീഫ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. പല തവണ ഹനീഫ കാരിയറായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് ചോദ്യം ചെയ്‌തു. അന്വേഷണം തുടരുകയാണ്.
Read more: കൊയിലാണ്ടിയിൽ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടു പോയി; സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം