കോഴിക്കോട്: കൊവിഡ് ഭീതി ഒഴിഞ്ഞതോടെ, രണ്ട് വര്‍ഷത്തിന് ശേഷം മലബാറില്‍ വീണ്ടും വിഷുദിനക്കാഴ്‌ചയായി ചപ്പ്കെട്ട്. കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്ര പരിസരത്താണ് ചപ്പ്കെട്ട് ആഘോഷം നടന്നത്. ഉത്തരകേരളത്തിലെ പത്മശാലിയ സമുദായത്തില്‍ പതിറ്റാണ്ടുകളായി ആചരിച്ചുവരുന്ന വിഷുദിനാഘോഷമാണിത്.
വിഷുദിനത്തിൽ ക്ഷേമാന്വേഷണത്തിനായി വീടുകളിൽ ശിവപാർവതിമാർ വേഷപ്രച്ഛന്നരായി എത്തുന്നുവെന്നാണ് വിശ്വാസം. പണ്ടാട്ടിവരവെന്നും യോഗിപുറപ്പാടെന്നും ചോയികെട്ടെന്നും പ്രാദേശിക ഭേദമനുസരിച്ച് ഈ ആചാരത്തെ വിളിക്കാറുണ്ട്. ചപ്പ്കെട്ടിലെ പ്രധാന വേഷക്കാർ ശിവനും പാര്‍വതിയുമാണ്.
മലബാറിന്‍റെ വിഷുക്കാഴ്‌ചയായി വീണ്ടും ചപ്പ്‌കെട്ട് സഹായികളായി മറ്റു മൂന്നു പേരുമുണ്ടാകും. ഉണങ്ങിയ വാഴയില അഥവാ ചപ്പ ശരീരം മുഴുവന്‍ ചുറ്റിക്കെട്ടും. ചപ്പ കൊണ്ട് തന്നെ കിരീടമുണ്ടാക്കി തലയില്‍ വയ്ക്കും.
ചകിരി കൊണ്ട് മുഖത്ത് മീശ വയ്ക്കും. വെള്ളരിക്ക വട്ടത്തില്‍ മുറിച്ചെടുത്ത് കാതില്‍ ആഭരണമായി അണിയും. മൂന്ന് തവണ ക്ഷേത്ര പ്രദക്ഷിണം ചെയ്‌ത ശേഷമാണ് പണ്ടാട്ടിയും സംഘവും വീട് കയറുക.
ക്ഷേത്ര ഊരാളന്മാരുടേയും ഗുരു കാരണവന്മാരുടേയും വീടുകളിലാണ് ആദ്യ സന്ദർശനം. അകത്തളത്തിൽ പുൽപ്പായ വിരിച്ച് നിലവിളക്ക് തെളിയിക്കും. നിറനാഴി, നാളികേരം, ധാന്യം, കണിവെള്ളരി, അപ്പം എന്നിവ കാണിക്കയായി ഒരുക്കി വയ്ക്കും.
പണ്ടാട്ടി അകത്ത് പ്രവേശിക്കുന്നതോടെ 'ചക്ക കായ് കൊണ്ടുവാ', 'മാങ്ങാ കായ് കൊണ്ടുവാ' എന്നിങ്ങനെ കൂടെയുള്ളവർ ആരവം മുഴക്കും. മടക്കയാത്രയിൽ വീടുകളിൽ കാണിയ്ക്ക വച്ചതെല്ലാം പണ്ടാട്ടിയുടെ സഹായി ഏറ്റുവാങ്ങും. ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷം ഇവ ഭക്തർക്ക് വീതിച്ച് നൽകുന്നതോടെ ചപ്പ്കെട്ട് ആഘോഷത്തിന് പരിസമാപ്‌തിയാകും.
Also read: മനസില്‍ കര്‍ണികാരപ്പൂത്തിരി തെളിച്ച് വിഷുനിറവ്; നല്ലനാളിന്‍റെ ഐശ്വര്യ സമൃദ്ധിയിലേക്ക് കണി കണ്ടുണര്‍ന്ന് മലയാളി