കോഴിക്കോട്:രാജ്യത്ത് ഇന്ധന വില എത്ര കൂടിയാലും മാവൂരിലെ ശിഹാബുദ്ദീനെ തളർത്താനാവില്ല. ലോക്ക്ഡൗണിൽ ലോക്കായപ്പോഴാണ് സ്വന്തം പരിശ്രമത്തിലൂടെ ഈ യുവാവ് ഇലക്‌ട്രിക് സൈക്കിൾ നിർമിച്ചത്. ഒരു തവണ ചാർജ് ചെയ്‌താൽ മണിക്കൂറിൽ 80 കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിക്കും ശിഹാബുദ്ദീന്‍റെ സൈക്കിൾ. വേഗതയുടെ കാര്യത്തിലും ചെറിയ സ്‌കൂട്ടറുകളെ സൈക്കിൾ മറികടക്കും.
ശരവേഗത്തിൽ ഉയരുന്ന ഇന്ധന വില വർധനവിനെ സൈക്കിളിൽ പിന്തുടർന്ന് തോൽപ്പിക്കുകയാണ് ശിഹാബുദ്ദീൻ. ഏത് സൈക്കിളിലും ഈ രീതി നടപ്പിലാക്കാമെന്ന് ശിഹാബുദ്ദീൻ പറയുന്നു. ലിഥിയം ഫോസ്ഫേറ്റിന്‍റെ 48 വോൾട്ട് 24 എ.എച്ച് ബാറ്ററിയാണ് സൈക്കിളിൽ ഘടിപ്പിച്ചത്. പിറകിലെ ചക്രത്തിൽ ഘടിപ്പിച്ച 1000 വാട്ട്സിന്‍റെ ഹബ് മോട്ടോറാണ് സൈക്കിളിനെ മുന്നോട്ട് ചലിപ്പിക്കുന്നത്. ഇരു ചക്രങ്ങളിലും ഡിസ്ക്ക് ബ്രേക്കുകളുമുണ്ട്.