കോഴിക്കോട് : കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്‌തി പ്രകടിപ്പിച്ച് കെ. മുരളീധരൻ. പട്ടികയെ അനുകൂലിക്കുന്നില്ല. വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ല. മുൻ പ്രസിഡന്‍റുമാരോട് അടക്കം കൂടിയാലോചിച്ചിരുന്നെങ്കിൽ പ്രശ്‌നങ്ങൾ പരിഹരിക്കാമായിരുന്നു. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ല. ഇനി അതിന്മേൽ പൊതുചർച്ചയുടെ ആവശ്യമില്ല.അച്ചടക്കം പാലിക്കേണ്ടതിനാൽ കൂടുതൽ പറയാനില്ലെന്നും മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു.
കോൺഗ്രസ് ഭാരവാഹിപ്പട്ടിക
28 നിർവാഹക സമിതി അംഗങ്ങളും 23 ജനറൽ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്‍റുമാരും ട്രഷററും അടങ്ങുന്ന ഭാരവാഹിപ്പട്ടികയാണ് കോൺഗ്രസ് ദേശീയ നേതൃത്വം വ്യാഴാഴ്‌ച പ്രഖ്യാപിച്ചത്. എന്‍. ശക്തന്‍, വി.ടി. ബല്‍റാം, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്‍ എന്നിവർ വൈസ് പ്രസിഡന്‍റുമാർ ആയപ്പോൾ അഡ്വ. പ്രതാപ ചന്ദ്രനെയാണ് ട്രഷറർ ആയി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്‍റുമാരിൽ വനിത പ്രാതിനിധ്യം ഇല്ലെങ്കിലും ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേരുണ്ട്. ദീപ്തി മേരി വർഗീസ്, കെ.എ.തുളസി, ആലിപ്പറ്റ ജമീല എന്നിവരാണ് ജനറൽ സെക്രട്ടറിമാരിലെ വനിത നേതാക്കള്‍.