മുസ്ലിംലീഗിന് ശക്തമായ വേരോട്ടമുള്ളപ്പോഴും ലീഗിനൊപ്പം ഇടതു സ്ഥാനാര്‍ഥികളെയും പരീക്ഷിച്ച മണ്ഡലം. ലീഗിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയത്തിന് തടയിടാന്‍ ഇത്തവണയും ഘടകകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലീഗിനെയാണ് എല്‍ഡിഎഫ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മണ്ഡല ചരിത്രം
1957 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ നിലവിലുണ്ടായിരുന്ന കോഴിക്കോട് 2 മണ്ഡലം 2008ലെ പുനര്‍നിര്‍ണയത്തിലാണ് കോഴിക്കോട് സൗത്തായി മാറിയത്. ആദ്യ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്‍റെ പി കുമാരന്‍ നിയമസഭയിലെത്തി. 1867ല്‍ പിഎം അബൂബക്കറിലൂടെ മണ്ഡലം അഖിലേന്ത്യാ മുസ്ലിംലീഗ് നേടി. 1970ല്‍ സംഘടന കോണ്‍ഗ്രസിലെ കല്‍പ്പള്ളി മാധവ മേനോന്‍ ജയിച്ചു. 1977 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ പിഎം അബൂബക്കര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി. 1987ല്‍ മുസ്ലിംലീഗിനെതിരെ സി.പി കുഞ്ഞിനെ ഇറക്കി സിപിഎം ഞെട്ടിക്കുന്ന ജയം നേടി.
1991ല്‍ മണ്ഡലത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ മുസ്ലിംലീഗ് സ്ഥാനാര്‍ഥി ഡോ.എം.കെ മുനീര്‍ എംഎല്‍എയായി. 1996ല്‍എളമരം കരീമിലൂടെ ഇടതുമുന്നണി സീറ്റ് തിരികെ പിടിച്ചു. 2001ല്‍ മുസ്ലിംലീഗിന്‍റെ ടി.പി.എം സാഹിര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. 2006ലാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് മണ്ഡലത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയത്. പി.എം.എ സലാമിലൂടെ കോഴിക്കോട് സൗത്തില്‍ ഐഎന്‍എല്‍ വിജയിച്ചു.
കോഴിക്കോട് നഗരസഭയിലെ 17 മുതല്‍ 38 വരെയുള്ള വാര്‍ഡുകളും 41-ാം വാര്‍ഡും രണ്ട് വാര്‍ഡുകളുടെ പകുതിയുമാണ് മണ്ഡലത്തിലുള്ളത്. ആകെയുള്ള 1,47,331 വോട്ടര്‍മാരില്‍ 71,315 പേര്‍ പുരുഷന്മാരും 76016 പേര്‍ സ്ത്രീകളുമാണ്.