കോഴിക്കോട്: തോല്‍വികളില്‍ തളരാതെ മുന്നോട്ടുപോകുന്നവരാണ് ജീവിത വിജയം നേടിയിട്ടുള്ളത്. അത്തരത്തില്‍ പതറാതെ മുന്നേറിയ ജീവിതാനുഭവമാണ് കോഴിക്കോട് സ്വദേശി മല്ലികയുടേത്.
അച്ഛൻ മരിച്ചപ്പോൾ ഏഴാം ക്ലാസില്‍ പഠനം നിർത്തേണ്ടി വന്ന അന്നശ്ശേരി കാനത്തിൽ മീത്തൽ മല്ലിക 30 വർഷങ്ങൾക്ക് ശേഷം വീണ്ടും പഠിക്കാൻ തീരുമാനിച്ചു. 2011ല്‍ ഏഴാം തരം തുല്യത പരീക്ഷ എഴുതി വിജയിച്ചു. 2013ൽ പത്താംതരം തുല്യത പരീക്ഷ വിജയിച്ചതിന് ശേഷം ഹയർ സെക്കന്‍ററി തുല്യത കോഴ്‌സിന് ചേർന്നു.
ഒരുമിച്ച് പരീക്ഷയെഴുതാന്‍ അമ്മയും മകളും
മല്ലിക ഹയർ സെക്കന്‍ററി പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ഒപ്പം മറ്റൊരാൾ കൂടിയുണ്ട്. മകൾ അനുപമ. അത്തോളി ഗവ ഹയർ സെക്കന്‍ന്‍ററി സ്‌കൂളിൽ പ്ലസ്‌ടുവിന് പഠിക്കുമ്പോൾ ഒരു വിഷയത്തിന് തോറ്റ അനുപമ വിവാഹ ശേഷം അമ്മയുടെ നിർബന്ധപ്രകാരം തുല്യത കോഴ്‌സിന് ചേരുകയായിരുന്നു.
തലക്കുളത്തൂർ സിഎംഎം ഹയർ സെക്കന്‍ഡറി സ്‌കൂള്‍ തുല്യത പഠന കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം ഇരുവരും പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. മല്ലിക ഹ്യൂമാനിറ്റീസും അനുപമ കൊമേഴ്‌സുമാണ് തെരഞ്ഞെടുത്തത്.