കോഴിക്കോട് : വിദ്യാർഥികളിലെ കായിക അഭിരുചി കണ്ടെത്തി വളർത്തിയെടുക്കാന്‍ പുത്തൻ പദ്ധതിയുമായി മാവൂർ ജി.എച്ച്.എസ്.എസ്. ‘ടേക് ഓഫ്’ എന്ന പേരിട്ട പരിശീലനത്തിൽ ഏത് സ്കൂളിലെ കുട്ടികൾക്കും പങ്കെടുക്കാം.
അഞ്ച് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പരിശീലനം. വോളിബാൾ, ഹോക്കി, ഫുട്ബാൾ, നീന്തൽ, കബഡി, അത്‌ലറ്റിക്സ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. മാവൂർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ഒഴിവുസമയങ്ങളിലും ഒഴിവുദിവസങ്ങളിലുമായിരിക്കും പരിശീലനം.
കുട്ടിക്ക് ഏത് ഇനത്തിലാണ് അഭിരുചിയും കഴിവുമെന്ന് കണ്ടെത്താൻ എല്ലാ ഇനങ്ങളിലും ട്രയൽ നടത്തും. തുടർന്ന് തെരഞ്ഞെടുത്ത ഇനത്തിൽ വിദഗ്‌ധ പരിശീലനം നൽകും. സ്കൂളിലെ കായിക അധ്യാപകൻ കെ. ബൈജുവിന്‍റെ നേതൃത്വത്തിലാണ് പരിശീലനം തുടങ്ങുന്നത്. തുടർന്ന് വിദഗ്‌ധ പരിശീലകരുടെ സേവനവും ലഭ്യമാക്കും.