കോഴിക്കോട്: ബലക്ഷയത്തിൻ്റെ പേരിൽ നോക്കുകുത്തിയായ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൻ്റെ നിർമാണം നടത്തിയത് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തല്‍. കോർപ്പറേഷനിൽ നിന്ന് പ്രാഥമിക അനുമതി പോലും വാങ്ങാതെയാണ് കെട്ടിട നിർമാണം ആരംഭിച്ചതെന്ന് കണ്ടെത്തൽ.
2015ല്‍ നിർമാണം പൂർത്തിയായിട്ടും കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചത് കാരണം കോർപ്പറേഷന്‍ പെർമിറ്റ് നല്‍കിയിരുന്നില്ല. ഇതിന് പിഴ ചുമത്തിയെങ്കിലും അത് ഈടാക്കാതെ യുഡിഎഫ് സർക്കാർ പ്രത്യേക അധികാരമുപയോഗിച്ചാണ് കെട്ടിടത്തിന് അനുമതി നല്‍കിയതെന്നാണ് കോര്‍പ്പറേഷന്‍റെ കണ്ടെത്തൽ.
5 ചട്ട ലംഘനങ്ങള്‍
നിർമിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ പ്ലാന്‍ കോർപ്പറേഷനില്‍ സമർപ്പിച്ച് നിർമാണ അനുമതി നേടേണ്ടതുണ്ടെങ്കിലും ഈ കെട്ടിടത്തിന്‍റെ കാര്യത്തില്‍ അവിടം മുതല്‍ തുടങ്ങുന്നു ചട്ടലംഘനങ്ങൾ. 1999ലെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂൾസിലെ അഞ്ച് വ്യവസ്ഥകളാണ് കെട്ടിട നിർമാണത്തില്‍ ലംഘിക്കപ്പെട്ടത്.
നിയമപ്രകാരം അനുവദിച്ചതിനേക്കാൾ കൂടുതൽ സ്ഥലം കെട്ടിട നിർമാണത്തിനായി ഉപയോഗപ്പെടുത്തി. അടിയന്തര സാഹചര്യം വന്നാല്‍ അഗ്നിരക്ഷാ ഉപകരണങ്ങളോ സംവിധാനങ്ങളോ കെട്ടിടത്തിനകത്തേക്ക് എത്തിക്കാന്‍ വേണ്ട വഴിയില്ല. റോഡില്‍നിന്നും നിശ്ചിത അകലം വിട്ടല്ല കെട്ടിടം നിർമിച്ചത്. പുറത്തേക്കുള്ള വഴിക്ക് വേണ്ടത്ര വീതിയില്ല, വേണ്ടത്ര പാർക്കിങ് സൗകര്യങ്ങളില്ല എന്നിങ്ങനെ അഞ്ച് ചട്ട ലംഘനങ്ങളാണ് നടന്നത്.