കോഴിക്കോട്: ഒരു മഹാമാരിക്കാലം ആഘോഷങ്ങളെയെല്ലാം പിടിച്ചുകെട്ടിയപ്പോൾ അതോരോന്നായി ഉണർന്നുവരികയാണ്. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയാണ് ഇനി കാത്തിരിയ്ക്കുന്ന ആഘോഷം. വടക്കേ ഇന്ത്യയിലും അനുബന്ധ സംസ്ഥാനങ്ങളിലുമാണ് ദീപാവലി വിപുലമായി കൊണ്ടാടുന്നത്. എന്നാൽ മലയാളികൾക്ക് ഈ ഉത്സവത്തിന് വെളിച്ചം പകരുന്നത് ഇവിടെ വർഷങ്ങളായി താമസമാക്കിയ ഗുജറാത്തികളും രാജസ്ഥാനികളുമെല്ലാമാണ്.
ദീപാവലിയ്ക്ക് മധുരം വിളമ്പാന്‍ ഒരുങ്ങി കോഴിക്കോട്ടെ ഗുജറാത്തി സ്‌ട്രീറ്റ് നൂറ്റാണ്ടുകൾക്ക് മുമ്പ് കോഴിക്കോട് വന്ന് താമസമാക്കിയവരിൽ ഭൂരിഭാഗവും ഗുജറാത്തുകാരായിരുന്നു. അവരുടെ കേന്ദ്രമായ 'ഗുജറാത്തി സ്ട്രീറ്റി'ൽ ഓരോ ഉത്സവങ്ങളും കേമമായാണ് നടക്കുന്നത്. 1400ലേറെ കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 50ൽ താഴെയായി. എന്നാലും ഉത്സവാഘോഷങ്ങൾക്കൊന്നും മുടക്കം വരുത്താറില്ല.
പെരുമയുള്ള ദീപാവലി സ്വീറ്റ്സ്
ഇവർ നൽകുന്ന ദീപാവലി സ്വീറ്റ്സ് പ്രസിദ്ധമാണ്. അതിൻ്റെ തകൃതിയായ ജോലി നടന്നുകൊണ്ടിരിക്കുകയാണ്. മുന്നാ റാമിൻ്റെ ദുർഗ്ഗ സ്വീറ്റ്സാണ് 45ഓളം വ്യത്യസ്‌ത മധുര പലഹാരങ്ങൾ തയ്യാറാക്കുന്നത്. വിവിധ തരം പേടകൾ, മിൽക്ക് ഐറ്റംസ്, ഗീ പാക്ക്, ലഡു തുടങ്ങിയവയ്ക്ക് പുറമെയാണ് ദീപാവലി സ്പെഷ്യൽ സ്വീറ്റ്സും തയ്യാറാക്കുന്നത്. ഒരു കിലോ, അര കിലോ പായ്ക്കുകളാക്കിയാണ് വിൽപ്പന.
കഴിഞ്ഞ രണ്ട് സീസണിലും കച്ചവടം നിലച്ചുപോയ അവസ്ഥയിൽ നിന്ന് ഇത്തവണ നല്ല വരുമാനം കിട്ടും എന്ന പ്രതീക്ഷയിലാണ് സ്ട്രീറ്റിലുള്ളവർ. ദീപാവലി സ്വീറ്റ്സിന് മലയാളികൾക്കിടയിൽ പ്രിയം വർധിച്ചതും കച്ചവടക്കാർക്ക് ആശ്വാസമാണ്.
Also read: ദീപാവലി വിപണിയില്‍ താരമായി ബംഗാളി മിഠായികള്‍ ; ആഘോഷത്തിന് മധുരമേറും