കോഴിക്കോട്: വിവാഹത്തിൻ്റെ ട്രേഡ് മാർക്കായി സ്വർണം മാറിയ കാലം. അത് കുറഞ്ഞ് പോയതിൻ്റെ പേരിലുള്ള തർക്കങ്ങൾ, ആത്മഹത്യകൾ. ഇതെല്ലാം വലിയ ചർച്ചയാകുന്ന കാലത്ത് ഒരു പെൺകുട്ടി തീരുമാനിച്ചു. തന്‍റെ വിവാഹത്തിന് സ്വർണം വേണ്ട, ആ പണം കൊണ്ട് കഷ്‌ടത അനുഭവിക്കുന്ന ആളുകളെ സഹായിക്കാം.
സ്വര്‍ണമിടാതെയാണ് കോഴിക്കോട് സ്വദേശി ഷെഹ്ന ഷെറിൻ വിവാഹ പന്തലിലേക്ക് കയറിയത്. മേപ്പയ്യൂർ കൊഴുക്കല്ലൂർ കോരമ്മൻകണ്ടി അന്ത്രു-റംല ദമ്പതികളുടെ മകളാണ് ഷെഹ്ന ഷെറിൻ. ജീവകാരുണ്യ പ്രവർത്തകനായ അന്ത്രുവിനെ മകളുടെ ഈ നിർദേശം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.
വിവാഹത്തിന് സ്വര്‍ണം ഒഴിവാക്കി കോഴിക്കോട് സ്വദേശി ഷെഹ്ന ഷെറിൻ വിവാഹം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും ഈ വിവരം അറിയിച്ചു. അവരും തീരുമാനത്തെ അനുകൂലിച്ചതോടെ ഷെഹ്ന ഷെറിന്‍റേയും മുഹമ്മദ് ഷാഫിയുടേയും വിവാഹ ദിനത്തിൽ അന്ത്രുവിന്‍റെ 21 സെന്‍റ് സ്ഥലം ഭൂമിയില്ലാത്ത നാലുപേർക്ക് പതിച്ച് നൽകി.
Also read: 24 വര്‍ഷമായി ഇളനീര്‍ മാത്രം ഭക്ഷണം; 63ാം വയസിലും ഫിറ്റാണ് ബാലകൃഷ്‌ണന്‍
മേപ്പയ്യൂർ പാലിയേറ്റീവ് സെന്‍റര്‍ പ്രവർത്തകരായ അന്ത്രുവും മകൾ ഷെഹ്നയും പാലിയേറ്റീവ് സെന്‍റര്‍ നിർമിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിനും ധനസഹായം നൽകി. അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ്, സുരക്ഷ പാലിയേറ്റീവ് എന്നിവയ്ക്കും ധനസഹായം കൈമാറി. ഒരാൾക്ക് വീട് നിർമാണത്തിനും മറ്റൊരാൾക്ക് ചികിത്സക്കും ഒരു നിർധന കുടുംബത്തിന്‍റെ വീടിന്‍റെ അറ്റകുറ്റ പണിക്കും ഒരു പെൺകുട്ടിയുടെ കല്യാണത്തിനും മകളുടെ വിവാഹത്തോടനുബന്ധിച്ച് അന്ത്രു സഹായധനം നല്‍കി.
പന്തലിലും പഴമ തെളിഞ്ഞതായിരുന്നു വിവാഹം. ഓല മേഞ്ഞ തണ്ടിലകൾ നിരത്തിയാണ് പന്തൽ തീർത്തത്. സൗഹൃദ റസിഡൻസ് അസോസിയേഷനാണ് എല്ലാം കോർത്തിണക്കിയത്. കുവൈത്തിൽ മൂന്ന് പതിറ്റാണ്ടായി ബിസിനസ് നടത്തുന്ന അന്ത്രുവിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഭാര്യ റംലയുടെയും മക്കളായ ഷെഹ്ന ഷെറിന്‍റേയും ഹിബ ഫാത്തിമയുടെയും എല്ലാ പിന്തുണയുമുണ്ട്.