കോഴിക്കോട്: സദാചാര പ്രശ്‌നങ്ങള്‍ ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്‌ത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വളളിക്കുന്നിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ. ഫറോക്ക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷിനെതിരെയുളള അച്ചടക്ക ലംഘനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷണര്‍ എ.വി ജോര്‍ജിന്‍റെ നിര്‍ദേശം. കോഴിക്കോട് ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കാണ് അന്വേഷണച്ചുമതല.
നേരത്തെ വനിത സുഹൃത്തിന് വാടകയ്ക്ക് വീട് എടുത്തുനല്‍കി എന്നതടക്കം ചൂണ്ടിക്കാട്ടി 2020 സെപ്റ്റംബറിൽ ഉമേഷിനെ എവി ജോർജ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തിരുന്നു. ആറ് മാസത്തിന് ശേഷം അന്വേഷണം പൂർത്തിയാക്കി സർവീസിൽ തിരിച്ചെടുക്കണമെന്ന ഉമേഷിന്‍റെ അഭ്യർഥന പ്രകാരം ഫറോക്ക് സ്റ്റേഷനിൽ നിയമിച്ച് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇതിനുപിന്നാലെയാണ് വീണ്ടും അന്വേഷണത്തിന് കമ്മിഷണർ തന്നെ നിർദേശം നൽകിയിരിക്കുന്നത്.