കോഴിക്കോട്: ലോക്ക്ഡൗണിന്‍റെ രണ്ടാം ദിനവും കോഴിക്കോട് നഗരം നിശ്ചലം. പരിശോധന ശക്തമാക്കി പൊലീസ് നിരത്തിലുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് തീരുമാനം. ആദ്യദിനം പൊലീസ് പാസ് സംവിധാനമില്ലാതിരുന്നതിനാല്‍ സത്യവാങ്മൂലം പരിശോധിച്ചാണ് അത്യാവശ്യ യാത്രകള്‍ക്ക് അനുമതി നല്‍കിയത്. സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ആദ്യദിനം ജനം പരമാവധി സഹകരിച്ചുവെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍ വായനയ്ക്ക്:കോഴിക്കോട് മെഡിക്കൽ കോളജില്‍ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിച്ചു
അനുമതിയുള്ള അവശ്യസ്ഥാപനങ്ങളല്ലാതെ തുറന്നില്ല. പൊലീസ് പരിശോധനയും ശക്തമായിരുന്നു. ഞായറാഴ്ച പൊതു അവധി കൂടി ആയിരുന്നതിനാൽ ആശുപത്രിയിലേക്ക് പോകുന്നവരായിരുന്നു ബഹുഭൂരിപക്ഷവും. നഗരത്തിലേക്ക് ഇറങ്ങുന്ന വാഹനത്തിൻ്റെ എണ്ണത്തിൽ കുറവ് സംഭവിച്ചത് പൊലീസിന് വലിയ ആശ്വാസമായെന്ന് കമ്മിഷണർ എ.വി ജോർജ് പറഞ്ഞു. പാളയം മാർക്കറ്റ്, മിഠായി തെരുവ്, വലിയങ്ങാടി, ബീച്ച് തുടങ്ങി നഗരത്തിൻ്റെ എല്ലാ ഭാഗത്തും ശക്തമായ പരിശോധനയുമായി പൊലീസ് ഉണ്ടായിരുന്നു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ് സംസാരിക്കുന്നു. വെബ്‌സൈറ്റ് നിലവില്‍ വന്നതോടെ യാത്രകൾക്ക് പാസ് നിര്‍ബന്ധമായിരിക്കുകയാണ്. pass.bsafe.kerala.go.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിന് ഇന്ന് മുതല്‍ പൊലീസിന്റെ പാസ് നിര്‍ബന്ധമാണ്. അവശ്യ സര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ഇവര്‍ക്കുവേണ്ടി തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാം. ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖ ഇല്ലാത്ത തൊഴിലാളികള്‍ക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. ജില്ലവിട്ടുള്ള യാത്ര നിരുത്സാഹപ്പെടുത്തും. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, രോഗിയെ ചികിത്സ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോവല്‍ എന്നിവയ്ക്ക് മാത്രമേ ജില്ലവിട്ട് യാത്ര അനുവദിക്കൂ. പൊലീസ് പാസിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്‌സിനേഷന് പോവുന്നവര്‍ക്കും അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ തൊട്ടടുത്തുള്ള കടകളില്‍ പോവുന്നവര്‍ക്കും സത്യവാങ്മൂലം മതിയെന്നാണ് നിര്‍ദേശം.