കോഴിക്കോട്: വടകരയിൽ പൊലീസുകാരന്‍റെ വീട്ടിൽ ഉഗ്രസ്ഫോടനം. വടകരയ്ക്കടുത്ത് കളരിയുള്ളതിൽ ക്ഷേത്രത്തിന് സമീപത്തുള്ള ദേവൂന്‍റവിട ചിത്രദാസിന്‍റെ വീട്ടിലാണ് ഇന്നലെ രാത്രി സ്ഫോടനം നടന്നത്. വടകര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്‍റെ വീടിന് സമീപത്തായി നിർമ്മിച്ച ചെറിയ മുറിയിലാണ് സ്‌ഫോടനമുണ്ടായത്.
കോഴിക്കോട് പൊലീസുകാരന്‍റെ വീട്ടില്‍ സ്‌ഫോടനം - kozhikkode news
സ്ഫോടന ശേഷം പരിസരമാകെ വെടിമരുന്നിൻ മണം ഉണ്ടായതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞു
സംഭവത്തില്‍ കെട്ടിടം പൂർണമായി തകർന്നു. സ്ഫോടന കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിയാൽ സ്ഫോടനത്തിന് ഇത്ര ശേഷിയുണ്ടാകുമോ എന്ന് നാട്ടുകാര്‍ സംശയിക്കുന്നു. മാത്രമല്ല സ്ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്‍റെ മണം ഉണ്ടായതായും സമീപവാസികൾ പൊലീസിനോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.
അത്യുഗ്രശേഷിയുള്ള സ്ഫോടനത്തിൽ പ്രദേശമാകെ നടുങ്ങുകയും പരിസരത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രദാസന്‍റെ ഇരുനില വീടിനും, മുറ്റത്ത് നിർത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചിത്രദാസന്‍റെ സഹോദരൻ സുനിലിന് ജനലിന്‍റെ ചില്ല് തെറിച്ച് പരിക്ക് പറ്റി. സ്ഫോടനം നടക്കുമ്പോൾ ചിത്രദാസനും കുടുംബവും വീടിനകത്തായിരുന്നു.