കോഴിക്കോട്: കഴിഞ്ഞ 20 വര്‍ഷമായി ഒരു കോണ്‍ഗ്രസ് എംഎല്‍എ പോലും നിയമസഭയിലെത്താത്ത ജില്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റുകളില്‍ പതിനൊന്നും എല്‍ഡിഎഫ് ജയിച്ചപ്പോൾ രണ്ട് മുസ്ലീംലീഗ് എംഎല്‍എമാർ മാത്രമാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് നിയമസഭയിലെത്തിയത്. കോഴിക്കോട് സൗത്തിലും കുറ്റ്യാടിയിലും മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്.
കോഴിക്കോട് കടക്കാൻ യുഡിഎഫ്: ആകെ ചുവപ്പിക്കാൻ എല്‍ഡിഎഫ് നീണ്ടകാലം കോണ്‍ഗ്രസും സോഷ്യലിസ്റ്റ് പാര്‍ട്ടികളും കൈവശം വച്ച കൊയിലാണ്ടി മണ്ഡലം ഇന്ന് ഇടതുപക്ഷത്തിന്‍റെ പക്കലാണ്. 2016 തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്‍റെ എൻ സുബ്രഹ്മണ്യനെ 13,369 വോട്ടുകൾ തോൽപ്പിച്ച് സിറ്റിങ് സീറ്റ് എംൽഎഎ കെ ദാസൻ സീറ്റ് നിലനിൽത്തി. തദ്ദേശ തെരഞ്ഞെടുപ്പും ഇടത് പക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. പയ്യോളി നഗരസഭ മാത്രമാണ് യുഡിഎഫിന് നേടാനായത്. കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി തുടങ്ങിയ പഞ്ചായത്തുകൾ എൽഡിഎഫിനെ പിന്തുണച്ചു. സിറ്റിങ്ങ് എംഎല്‍എ ദാസന് പകരം കാനത്തില്‍ ജമീലയെയാണ് ഇടതുപക്ഷം കളത്തിലിറക്കിയിരിക്കുന്നത്. എൻ സുബ്രഹ്മണ്യന് യുഡിഎഫ് വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. എൻ.പി രാധാകൃഷ്‌ണനാണ് എൻഡിഎ സ്ഥാനാര്‍ഥി.
പാലാ പോലെ മുന്നണിമാറ്റ രാഷ്ട്രീയം കൊണ്ട് ഇത്തവണ ശ്രദ്ധ നേടിയ മലബാറിലെ മണ്ഡലമാണ് വടകര. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്ന ലോക്‌താന്ത്രിക് ജനതാദള്‍ ഇത്തവണ ഇടതുമുന്നണിയിലെത്തി. ജനതാദള്‍ എസ് സ്ഥാനാര്‍ഥി സി.കെ നാണുവാണ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ. കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി മത്സരിച്ച് തോറ്റ എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ രമയ്‌ക്ക് പിന്തുണ നല്‍കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. എം രാജേഷ് കുമാറാണ് എൻഡിഎ സ്ഥാനാർഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയിലുണ്ടായ നേട്ടം ഇത്തവണ ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. 2016ല്‍ ഒറ്റക്ക് മത്സരിച്ച് മൂന്നാമതെത്തിയ ആര്‍.എം.പി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.
2016ലെ ദയനീയ പ്രകടനത്തിനിടെ യുഡിഎഫിന് ആശ്വാസം പകര്‍ന്ന മണ്ഡലമാണ് കുറ്റ്യാടി. സിപിഎം സിറ്റിങ് എംഎല്‍എ കെകെ ലതികയെ പരാജയപ്പെടുത്തി മുസ്‌ലിം ലീഗ് നേതാവ് പാറക്കല്‍ അബ്‌ദുള്ളയാണ് നിയമസഭയിലെത്തിയത്. പാറക്കല്‍ അബ്‌ദുള്ള തന്നെ യുഡിഎഫിന് വേണ്ടി മത്സരിക്കാനെത്തുമ്പോൾ പോരാട്ടം അതിശക്തമാകും. മറുവശത്ത് സീറ്റ് നിര്‍ണയത്തില്‍ എല്‍ഡിഎഫ് പ്രതിരോധത്തിലായ ശേഷം തിരിച്ചുവന്ന മണ്ഡലമാണ് കുറ്റ്യാടി. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ വൻ ജനകീയ പ്രക്ഷോഭമാണ് പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ നടത്തിയത്. പിന്നീട് സീറ്റ് സിപിഎം ഏറ്റെടുത്തു. കെ.പി കുഞ്ഞമ്മദ് കുട്ടിയാണ് ഇടത് സ്ഥാനാര്‍ഥി. കെ.പി മുരളി എൻഡിഎയ്ക്ക് വേണ്ടിയും രംഗത്തുണ്ട്. ഇടതുപക്ഷത്തിന് ഏറെ ആത്മവിശ്വാസം നല്‍കുന്ന കണക്കാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്. ആകെയുള്ള എട്ട് പഞ്ചായത്തുകളില്‍ അഞ്ചെണ്ണവും ഇടതുചേരിക്കൊപ്പം ചേര്‍ന്നു. മൂന്നെണ്ണത്തില്‍ മാത്രമാണ് യുഡിഎഫിന് മുന്നിലെത്താനായത്.
ജില്ലയില്‍ ഇരുമുന്നണികളും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കുന്ദമംഗലം. ആദ്യകാലങ്ങളിൽ ജയിപ്പിച്ച് വിട്ട ഇടത് പക്ഷത്തെ തള്ളി യുഡിഎഫിൽ ആഭയം പ്രാപിച്ച കുന്ദമംഗലം വീണ്ടും ഇടതിലേക്ക് തന്നെ ചായുന്ന ചരിത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കാണാൻ സാധിക്കുന്നത്.
2016ൽ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച് വിജയിച്ച പിടിഎ റഹീമാണ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ. ഇത്തവണയും പിടിഎ റഹീം തന്നെയാണ് ഇടതിനായി ജനവിധി തേടുന്നത്. മറുവശത്ത് മുസ്‌ലിം ലീഗിന്‍റെ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെയാണ് യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. വി.കെ സജീവനാണ് എൻഡിഎയ്‌ക്കായി രംഗത്തുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്ദമംഗലത്തെ ആറ് പഞ്ചായത്തുകളിൽ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും ഭരണം പങ്കിട്ടത്തോടെ ഇത്തവണ മണ്ഡലത്തില്‍ പോരാട്ടം കനക്കുമെന്നുറപ്പാണ്.
ചരിത്രത്തിൽ നാദാപുരത്തെ തെരഞ്ഞെടുപ്പ് കാറ്റിന് എന്നും ചുവപ്പ് നിറമാണ്. എൽഡിഎഫിനൊപ്പം തന്നെ ലീഗിനും മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ട്. 2011 മുതൽ ഇടത് എംഎല്‍എ ഇകെ വിജയനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. വിജയൻ തന്നെയാണ് ഇത്തവണയും ഇടതിനായി വോട്ട് തേടുന്നത്. ലീഗിന്‍റെ കരുത്തില്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കെ. പ്രവീണ്‍ കുമാര്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു. എം.പി രാജനാണ് എൻഡിഎയ്‌ക്ക് വേണ്ടി ജനവിധി തേടുന്നത്.
കോഴിക്കോട് നഗരത്തിന്‍റെ പകുതിയോളം ഭാഗം ഉള്‍ക്കൊള്ളുന്ന കോഴിക്കോട് നോര്‍ത്ത് കാലങ്ങളായി എൽഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ്. കോൺഗ്രസിന്‍റെ പിഎം സുരേഷ് ബാബുവിനെ 27,873 വോട്ടുകൾക്ക് തോല്‍പ്പിച്ച കെ. പ്രദീപ് കുമാറാണ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ. ഹാട്രിക് വിജയം നേടിയ പ്രദീപ് കുമാര്‍ ഇത്തവണ മത്സരരംഗത്തില്ല. തോട്ടത്തില്‍ രവീന്ദ്രനാണ് ഇടത് പക്ഷത്തിനായി ജനവിധി തേടുന്നത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി. മുതിര്‍ന്ന ബിജെപി നേതാവ് എം.ടി രമേശാണ് എൻഡിഎയ്‌ക്ക് വേണ്ടി മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് അനുകൂലമായിരുന്നു. 27 കോർപ്പറേഷൻ വാർഡുകളിൽ 22 ഇടത്തും എൽഡിഎഫാണ് വിജയിച്ചത്. നാലിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു.
എന്നും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമായ എലത്തൂരില്‍ വിജയം തുടരാനാകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. പാര്‍ട്ടി പിളര്‍ത്തി മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയെങ്കിലും എ.കെ ശശീന്ദ്രൻ ഇപ്പോഴും ഇടതുപാളയത്തിലാണ്. 2016 ൽ 29057 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ച് മന്ത്രിയായ എ.കെ ശശീന്ദ്രൻ തന്നെയാണ് ഇത്തവണയും ഇടത് സ്ഥാനാര്‍ഥി. മാണി സി കാപ്പനൊപ്പം പോയ സുല്‍ഫിക്കര്‍ മയൂരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ടി.പി ജയചന്ദ്രൻ എൻഡിഎയ്‌ക്ക് വേണ്ടിയും ജനവിധി തേടുന്നു.
1977 മുതൽ 2006 വരെ 24 വർഷക്കാലം ഭരിച്ച യുഡിഎഫിനെ തള്ളി പറഞ്ഞ ചരിത്രമാണ് തിരുവമ്പാടി മണ്ഡലത്തിനുള്ളത്. 2880 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച ജോർജ് എം തോമസാണ് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നത്. രണ്ട് ടേം വ്യവസ്ഥ പ്രകാരം ജോര്‍ജിന് ഇത്തവണ സീറ്റില്ല. ലിന്‍റോ ജോസഫാണ് ഇടത് സ്ഥാനാര്‍ഥി. യുഡിഎഫ് ലീഗിന് നല്‍കിയ സീറ്റില്‍ സി.പി ചെറിയ മുഹമ്മദ് മത്സരിക്കുന്നു. ബാബു അമ്പാട്ടാണ് എൻഡിഎ സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പിലെ മുൻതൂക്കമാണ് യുഡിഎഫ് പ്രതീക്ഷ. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചെണ്ണം യുഡിഎഫിനെയും രണ്ടെണ്ണം എൽഡിഎഫിനെയുമാണ് പിന്തുണച്ചത്.
34 വര്‍ഷമായി കോട്ട പോലെ കാത്തുസൂക്ഷിക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണയും ഇടതുപക്ഷത്തിന് ആശങ്കയൊന്നുമില്ല. 2016 തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ വികെസി മമ്മദ് കോയ 14,363 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത്തവണ പി.എ മുഹമ്മദ് റിയാസിനെയാണ് ഇടതുപക്ഷം കളത്തിലിറക്കിയിരിക്കുന്നത്. ഇടതുകോട്ട തകര്‍ക്കാനുള്ള ഉത്തരവാദിത്വം പി.എം നിയാസിനെയാണ് യുഡിഎഫ് ഏല്‍പ്പിച്ചിരിക്കുന്നത്. പ്രകാശ് ബാബുവാണ് എൻഡിഎയ്‌ക്ക് വേണ്ടി ജനവിധി തേടുന്നത്. നഗരസഭകളിലെ മേധാവിത്വമാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെ ഭരണം യുഡിഎഫ് പിടിച്ചിരുന്നു. എന്നാല്‍ ചെറുവണ്ണൂർ-നല്ലളം, കടലുണ്ടി, ബേപ്പൂർ ഗ്രാമപഞ്ചായത്തുകൾ പിടിച്ച എല്‍ഡിഎഫ് തന്നെയാണ് ജനപിന്തുണയില്‍ മുന്നിലുള്ളത്.
തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച സൂചനകള്‍ വന്നത് മുതല്‍ സംസ്ഥാനത്താകെ ചര്‍ച്ചയായ മണ്ഡലമാണ് ബാലുശേരി. സിനിമാതാരം ധര്‍മജൻ ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതോടെ മണ്ഡലം സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവാണ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി. ലിബിൻ ബാലുശേരി എൻഡിഎയ്‌ക്ക് വേണ്ടിയും ജനവിധി തേടുന്നു. ഒമ്പത് പഞ്ചായത്തുകള്‍ അടങ്ങുന്ന മണ്ഡലത്തില്‍ ആറിടത്തും എല്‍ഡിഎഫാണ് ജയിച്ചത്. മൂന്ന് പഞ്ചായത്തുകളിലെ ഭരണം യുഡിഎഫ് പിടിച്ചു.
മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള കോഴിക്കോട് സൗത്തില്‍ ഇത്തവണ പോരാട്ടം കനക്കും. ലീഗിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയത്തിന് തടയിടാന്‍ ഇത്തവണയും ഘടകകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലീഗിനെയാണ് എല്‍ഡിഎഫ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 2016 തെരഞ്ഞെടുപ്പില്‍ 6,327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം.കെ.മുനീർ ജയിച്ചത്. ഇത്തവണ വനിതാ സ്ഥാനാര്‍ഥിയായ നൂര്‍ബീന റഷീദാണ് ലീഗിന് വേണ്ടി ജനവിധി തേടുന്നത്. ഐഎൻഎൽ നേതാവ് അഹമ്മദ് ദേവര്‍കോവിലാണ് എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. നവ്യ ഹരിദാസ് എൻഡിഎയ്‌ക്ക് വേണ്ടിയും രംഗത്തുണ്ട്.
കഴിഞ്ഞ തവണ 573 വോട്ടിന്‍റെ മാത്രം വ്യത്യാസത്തിൽ നഷ്ടമായ കൊടുവള്ളി തിരിച്ചു പിടിക്കാൻ ലീഗിറങ്ങുമ്പോള്‍ ഒപ്പം കൂടിയ മണ്ഡലത്തെ വീണ്ടും ചുവപ്പിക്കാൻ എൽഡിഎഫ് അരയും തലയും മുറുക്കി രംഗത്തുണ്ട്. മുൻ ലീഗ് നേതാവ് കാരാട്ട് റസാഖിലൂടെയാണ് ഇടത് പക്ഷം മണ്ഡലത്തെ ഒപ്പം ചേര്‍ത്തത്. കാരാട്ട് റസാഖിന് തന്നെയാണ് മുന്നണി ഇത്തവണയും അവസരം നൽകിയിരിക്കുന്നത്. മറുവശത്ത് എന്ത് വില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്വം യുഡിഎഫ് നല്‍കിയിരിക്കുന്നത് എം.കെ മുനീറിനാണ്. മനോജ് കെ ആണ് ബിജെപി സ്ഥാനാര്‍ഥി. നിലവിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും യുഡിഎഫിന്‍റെ കയ്യിലാണ്.
നിപ എന്ന മഹാമാരിയെ ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച നാടായ പേരാമ്പ്രയിലെ വിജയ തുടര്‍ച്ച എല്‍ഡിഎഫിന്‍റെ അഭിമാനപ്രശ്‌നമാണ്. 40 വര്‍ഷമായി സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായി തുടരുന്ന മണ്ഡലത്തില്‍ മൂന്ന് തവണ മാത്രമാണ് ഇടത് ഇതര എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. 2016 ല്‍ ടി.പി രാമകൃഷ്ണനാണ് പേരാമ്പ്രയില്‍ നിന്ന് നിയമസഭയിലെത്തിയത്. എന്നാല്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും വോട്ട് വിഹിതത്തിലെ ഇടിവും സിപിഎമ്മിന് തിരിച്ചടിയായി. 4,101 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് മുന്നണിക്ക് ലഭിച്ചത്. ടി.പി രാമകൃഷ്‌ണനാണ് ഇത്തവണയും എല്‍ഡിഎഫിനായി ജനവിധി തേടുന്നത്. സി.എച്ച് ഇബ്രാഹിംകുട്ടി യുഡിഎഫിനായും ജനവിധി തേടുന്നു. കെ.വി സുധീറാണ് എൻഡിഎ സ്ഥാനാര്‍ഥി.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് എമ്മും കോഴിക്കോട്, വടകര മേഖലകളില്‍ വോട്ടുള്ള എല്‍ജെഡിയും ഇത്തവണ യുഡിഎഫ് വിട്ട് എല്‍ഡിഎഫിന് ഒപ്പമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും എല്‍ഡിഎഫിന് അനുകൂലമാണ്.
മറുവശത്ത് മുസ്‌ലിം ലീഗ് കൂടുതല്‍ ആവേശത്തിലാണ്. ജില്ലയില്‍ യുഡിഎഫിനുള്ള സാന്നിധ്യം നിലനിര്‍ത്താൻ ലീഗിന്‍റെ പ്രകടനം അനിവാര്യമാണെന്ന് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ലീഗിന്‍റെ തണലില്‍ നിന്ന് പുറത്തിറങ്ങി ഇത്തവണയെങ്കിലും ഒരാളെ നിയമസഭയിലെത്തിക്കണമെന്ന അഭിമാനപ്രശ്‌നമാണ് കോണ്‍ഗ്രസ് നേരിടുന്നത്. സാന്നിധ്യമറിയിക്കാൻ എൻഡിഎ കൂടി എത്തുന്നതോടെ കോഴിക്കോട് ജില്ലയില്‍ പോരാട്ടം പൊടിപൊടിക്കുമെന്നുറപ്പാണ്.