കൂടത്തായിയിലെ ആറ് മരണങ്ങളിലും ജോളിക്ക് പങ്കെന്ന് എസ്.പി കെ.ജി സൈമണ്‍ - കൂടത്തായി കൂട്ടക്കൊല
കോഴിക്കോട് കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരെ 14 വര്‍ഷം കൊണ്ട് കൊന്ന സംഭവത്തില്‍ കുടുംബാംഗമായ ജോളിയുടെ പങ്ക് വിശദമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍

കോഴിക്കോട്: നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ കെട്ടഴിച്ച് ജില്ലാ പൊലീസ് മേധാവി. കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടംബത്തിലെ ആറ് പേരെയും കൊല്ലുന്നതിന് മുഖ്യപങ്ക് വഹിച്ചത് ജോളിയെന്ന സ്‌ത്രീയാണെന്ന് എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. കേസില്‍ ജോളി, എം.എസ് മാത്യു, പ്രജു കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്‌തതായും എസ്.പി അറിയിച്ചു. സയനൈഡ് ഉപയോഗിച്ചായിരുന്നു കൊലപാകതം. മാത്യുവാണ് ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തത് എന്നും എസ് പി വിശദീകരിച്ചു. റോയിയുടെ മരണത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2002 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ ഓരോ കൊലപാതകത്തിനും വ്യത്യസ്‌ത കാരണങ്ങളാണ് പ്രതിക്ക് പറയാനുണ്ടായിരുന്നതെന്ന് എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. രണ്ട് മാസം മുന്‍പാണ് കേസന്വേഷണം ആരംഭിച്ചത്. റോയ് തോമസിന്‍റെ മരണത്തില്‍ ആദ്യഘട്ടത്തില്‍ സംശയമില്ലായിരുന്നു. എന്നാല്‍ പിന്നീട് റിപ്പോർട്ട് പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ സയനൈഡിന്‍റെ അംശമുള്ളതായി കണ്ടെത്തി. ഇതേ തുടർന്നാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്. കോടതിയുടെ അനുവാദത്തോടെ വീണ്ടും കേസ് അന്വേഷിച്ചു.
തുടരന്വേഷണത്തില്‍ സമാനമായ സാഹചര്യത്തില്‍ 2002 മുതല്‍ ആറ് മരണങ്ങള്‍ നടന്നതായി കണ്ടെത്തി. ഇതിനിടയിലാണ് എല്ലാ മരണത്തിലും ഒരാളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്നാണ് ജോളിയെ നിരീഷിക്കാന്‍ തുടങ്ങിയത്. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് ജോളി പറഞ്ഞിരുന്നത് സംശയത്തിനിടയാക്കി. ഇവരെ ചോദ്യം ചെയ്തതില്‍ മൊഴിയില്‍ അമ്പതോളം വൈരുധ്യങ്ങള്‍ കണ്ടെത്തി. തുടർന്നാണ് കല്ലറ തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത് എന്നും എസ്.പി പറഞ്ഞു.