കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചാരണ നടപടികള്‍ ആഗസ്റ്റ് പതിനൊന്നിന് തുടങ്ങും. സിലി വധക്കേസിലെ വിചാരണയാകും ആദ്യം നടക്കുക. റോയ് തോമസ് വധക്കേസില്‍ വിചാരണ എന്ന് തുടങ്ങണമെന്നും ആഗസ്റ്റ് 11ന് തീരുമാനമാകും. ജോളിയടക്കമുള്ള മൂന്ന് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പ്രാഥമിക വിചാരണ നടപടി ക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കി.
കൂടത്തായി കൊലപാതക പരമ്പര; വിചാരണ ആഗസ്‌റ്റ് 11ന് തുടങ്ങും
സിലി വധക്കേസിലെ വിചാരണയാകും ആദ്യം നടക്കുക. റോയ് തോമസ് വധക്കേസില്‍ വിചാരണ എന്ന് തുടങ്ങണമെന്നും ആഗസ്റ്റ് 11ന് തീരുമാനമാകും.
കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ജോളിയും രണ്ടും മൂന്നും പ്രതികളായ എംഎസ് മാത്യുവും പ്രജുകുമാറും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. വിചാരണ തിയതി നിശ്ചയിക്കുന്ന നടപടി ക്രമം മാത്രമാണ് ഇന്ന് കോടതിയില്‍ നടന്നത്. ആഗസ്റ്റ് പതിനൊന്നിന് കേസ് പരിഗണിച്ച് ആദ്യം ജോളിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. തുടര്‍ന്ന് സാക്ഷികളെ വിസ്തരിക്കും. കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്‍റെ ആദ്യ ഭാര്യയായിരുന്ന സിലിക്ക് 2016 ജനുവരി 11ന് താമരശേരിയിലെ ആശുപത്രിയില്‍ വെച്ച് വെള്ളത്തിന്‍ സയനൈഡ് കലർത്തി ഗുളികയ്‌ക്കൊപ്പം നല്‍കിയെന്നാണ് കുറ്റപത്രം.
രാസപരിശോധന ഫലത്തിലടക്കം സയനൈഡിന്‍റെ അംശം കണ്ടെത്തിയിരുന്നു. ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ്, സിലിയുടെ സഹോദരന്‍ തുടങ്ങിയ 139 സാക്ഷികളുണ്ട്. ഇവരെ ആദ്യം വിസ്തരിക്കും. ജോളിയുടെ ഭർത്താവ് റോയി തോമസ് കൊലക്കേസില്‍ പ്രാഥമിക വിചാരണ നടപടികളും ആഗസ്റ്റ് 11ന് ആരംഭിക്കും. ഈ കേസില്‍ സാക്ഷികളെ വിസ്തരിക്കേണ്ടതും വിചാരണ തുടങ്ങുന്നത് എപ്പോഴാണെന്നും തീരുമാനിക്കും. തൃശൂര്‍ ബാറിലെ അഭിഭാഷകനായ എന്‍.കെ ഉണ്ണിക്കൃഷ്ണനാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.