കോഴിക്കോട്: കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി വാവാട് സ്വദേശി കപ്പളംകുഴിയിൽ മാനു എന്ന മുഹമ്മദ് നിസാബാണ് (24) പിടിയിലായത്. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷറഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
സംഭവത്തിന് ശേഷം സ്വന്തം വീട് പൂട്ടി മുംബെയിലേക്ക് കടന്ന പ്രതി പിന്നീട് തിരിച്ചെത്തി വാവാട് ഒരു മലമുകളിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. നമ്പറില്ലാത്ത സ്‌കൂട്ടറിലായിരുന്നു സഞ്ചാരം. പിടിക്കപ്പെടാതിരിക്കാൻ സുഹൃത്തുക്കളുടെ മൊബൈലുകളാണ് ഉപയോഗിച്ചിരുന്നത്.
നിരവധി കേസുകളില്‍ പ്രതി
2016ൽ മുഹമ്മദ് നിസാബും കൊടുവള്ളിയിലെ മാഫിയ തലവൻ ആപ്പു എന്ന മുഹമ്മദും ഉൾപ്പെടുന്ന സംഘം കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. കൊടുവള്ളി സ്വദേശിയെ ഒരു ദിവസം മുഴുവൻ മാരകമായി മർദിച്ച് അയാളുടെ കൈവശമുണ്ടായിരുന്ന 4 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് വീട്ടിൽ ഇറക്കി വിടുകയായിരുന്നു.