കോഴിക്കോട്: അവധിക്കാലം ആഘോഷമാക്കാൻ ജംബോ സർക്കസ് വീണ്ടും കോഴിക്കോടിന്‍റെ മണ്ണില്‍ എത്തി. മലബാറിലെ സർക്കസ് പ്രേമികളുടെ ആവേശമായ ജംബോ സർക്കസ് ഏറെ വർഷങ്ങൾക്കു ശേഷമാണ് നഗരത്തിലെത്തുന്നത്. പുതുമ കൊണ്ടും അവതരണ മികവു കൊണ്ടും വേറിട്ടു നിൽക്കുന്നതാണ് ഈ സീസണിലെ പ്രകടനം.
കോഴിക്കോടിന് കൗതുകമായി വീണ്ടും ജംബോ സർക്കസ് - കോഴിക്കോട്
പുതുമ കൊണ്ടും അവതരണ മികവു കൊണ്ടും വേറിട്ടു നിൽക്കുന്നതാണ് ഈ സീസണിലെ പ്രകടനം. വർഷങ്ങൾക്ക് ശേഷമാണ് ജംബോ സർക്കസ് കോഴിക്കോടെത്തുന്നത്.
![കോഴിക്കോടിന് കൗതുകമായി വീണ്ടും ജംബോ സർക്കസ്](https://etvbharatimages.akamaized.net/etvbharat/images/768-512-2931196-thumbnail-3x2-jumbo.jpg)
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അണിനിരക്കുന്ന സർക്കസ് അഭ്യാസികളുടെ പ്രകടനം കാണികളിൽ ഏറെ കൗതുകമുണർത്തുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള രേഷ്മയുടെയും ജമ്മുകശ്മീരിലെ റാണിയുടെയും ഏയറോബാറ്റിക് ബാലൻസിംഗ് ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ. അതുപോലെ 37 അടി ഉയരത്തിൽ നിന്ന് തുന്നി ചേർത്തുണ്ടാക്കിയ സാരിയില്‍ തൂങ്ങിക്കിടന്ന് നേപ്പാൾ സ്വദേശികളായ വിക്രമും താനിയായും അവതരിപ്പിക്കുന്ന ഡബിൾ സാരി ആക്ട് കാണികളെ ആഘോഷത്തിമിർപ്പിൽ ആക്കുകയാണ്. അമേരിക്കൻ മരണക്കിണർ, റഷ്യൻ കുതിരസവാരി, ഒട്ടകങ്ങളും വിവിധതരം നായ്ക്കളും അണിനിരക്കുന്ന പ്രകടനങ്ങൾ എന്നിവ കാണികളെ ആവേശത്തിലാക്കുന്നു.
മെക്സിക്കോയിൽ നിന്നുള്ള മക്കാവോ തത്തകളും കക്കാട്ടൂസ് പക്ഷികളും മനം നിറയ്ക്കുന്നവയാണ്. കോഴിക്കോട് നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം വയനാട് റോഡിൽ ആണ് സർക്കസ് നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നിനും വൈകിട്ടു നാലിനും ഏഴിനുമാണു ഷോ.