കോഴിക്കോട്: തിരുവമ്പാടിയിൽ കെട്ടിട നമ്പർ പോലുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നതായി ആരോപണമുയർന്ന ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റ് ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റവും അസഭ്യവർഷവും. സിടിവി ക്യാമറാമാന്മാരായ റഫീഖ് തോട്ടുമുക്കം, രാജേഷ് കാരമൂല എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്.
മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു - journalists attacked in thiruvambadi kozhikode
കോർപ്പറേഷൻ ഔട്ട്ലറ്റിലേക്ക് തോട് നികത്തി റോഡ് നിർമ്മിച്ചത് വിവാദമായിരുന്നു.ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും സി.പി.എം, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ തോട് നികത്തിയതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.
![മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4331067-1026-4331067-1567539707951.jpg)
കോർപ്പറേഷൻ ഔട്ട്ലറ്റിലേക്ക് തോട് നികത്തി റോഡ് നിർമ്മിച്ചത് വിവാദമായിരുന്നു.ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും സി.പി.എം, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ തോട് നികത്തിയതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. തോട് നികത്തിയത് ചിത്രീകരിച്ച ശേഷം ബീവറേജസ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടം ചിത്രീകരിക്കാൻ അനുമതിക്കായി എത്തിയപ്പോഴാണ് ജീവനക്കാരിലൊരാളും മറ്റ് ചിലരും ചേർന്ന് അസഭ്യവർഷം നടത്തുകയും റഫീഖിന്റെ കൈ പിടിച്ച് വെച്ച് മർദ്ധിക്കുകയും ചെയ്തത്.
സാരമായി പരിക്കേറ്റ റഫീഖ് കെ.എം.സി.ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യൂനിഫോമോ തിരിച്ചറിയൽ കാർഡോ ധരിക്കാതെയാണ് ജീവനക്കാരൻ എത്തിയതെന്നും ഇയാൾ തന്നെ ഔട്ട് ലെറ്റിന്റെ ഷട്ടർ താഴ്ത്തുകയായിരുന്നു എന്നും റഫീഖ് തോട്ടുമുക്കം പറഞ്ഞു. സർക്കാർ ജീവനക്കാരന്റെ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മുക്കം പ്രസ് ക്ലബ്, തിരുവമ്പാടി പ്രസ് ക്ലബ്, മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെ.ആർ.എം.യു, കേരള പത്രപ്രവർത്തക അസോസിയേഷൻ എന്നിവർ സംഭവത്തിൽ പ്രതിഷേധമറിയിച്ചു.അക്രമികൾക്കെതിരെ റഫീഖ് തിരുവമ്പാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.