കോഴിക്കോട് : കാത്തിരുന്ന് ഒരു എംഎല്‍എയെ കിട്ടി. ആ എംഎല്‍എ മന്ത്രിയായി. അതോടെ സ്ഥലകാല ബോധം മറന്ന് തെരുവിലടിച്ച ഐഎൻഎല്ലിൽ വിവാദങ്ങൾ ഒഴിയുന്നില്ല. ഐഎൻഎല്‍ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍റെ പേരില്‍ സ്മാരകം പണിയാൻ പിരിച്ച കോടികളെ കുറിച്ചാണ് പുതിയ വിവാദം.
ആറ് വർഷം, ഒന്നും നടന്നില്ല
പാർട്ടിക്ക് ഒരു ആസ്ഥാന മന്ദിരം എന്ന ലക്ഷ്യത്തോടെ ആറ് വർഷം മുമ്പ് കോഴിക്കോട് നടത്തിയ ശിലാസ്ഥാപനത്തിന്‍റെ ശിലാഫലകം പോലും ഇപ്പോൾ കാണാനില്ല. 2015 ജനുവരി 13ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയാണ് സ്‌മാരകത്തിന് പ്രതീകാത്മക ശിലയിട്ടത്. 14 ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരിച്ച് നല്‍കി.
ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും പിരിവ് നടന്നു. ഇതിന് പുറമെ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്ന് ഐ.എം.സി.സി പ്രവര്‍ത്തകരും വന്‍ തുക നല്‍കി. നാല് കോടിയോളം രൂപ പിരിഞ്ഞ് കിട്ടിയതായാണ് വിവരം. എന്നാൽ ഇതിന്‍റെ വ്യക്തമായ കണക്കുകള്‍ ഇതുവരെ പുറം ലോകം അറിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ആറ് വർഷം കഴിഞ്ഞിട്ടും ഒരു തുണ്ട് ഭൂമി പോലും കണ്ടെത്താനായിട്ടുമില്ല.