കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗ് വീണ്ടും പിളർപ്പിലേക്ക്. കേരള ഐഎന്‍എല്‍ എന്ന പേരിൽ പ്രത്യേക ഘടകമായി മുന്നോട്ട് പോകാനാണ് അബ്‌ദുല്‍ വഹാബിൻ്റെ തീരുമാനം. പത്ത് ദിവസത്തിനകം സംസ്ഥാന കൗണ്‍സില്‍ വിളിച്ച് ചേർത്ത് കരുത്ത് തെളിയിക്കാനാണ് നീക്കം.
സംസ്ഥാന കമ്മറ്റിയിലെ 120 പേരിൽ 75 പേരുടെ പിന്തുണയുണ്ടെന്നാണ് വഹാബിൻ്റെ അവകാശവാദം. സംസ്ഥാന കമ്മറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം തള്ളിയാണ് വഹാബിന്‍റെ നീക്കം. കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാരെ നേരിട്ട് കണ്ട് വഹാബ് പക്ഷം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ചയാളെന്ന നിലയിലാണ് കാന്തപുരത്തെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.
എല്‍ഡിഎഫില്‍ തന്നെ തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വഹാബ് പക്ഷത്തിൻ്റെ നീക്കം. എന്നാൽ ഐഎൻഎൽ എന്ന പേരിൽ ഒരു പാർട്ടി മാത്രമെ മുന്നണിയിൽ ഉണ്ടാകൂ എന്ന ഉറച്ച നിലപാടിലാണ് എൽഡിഎഫ്. അതേസമയം, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മറ്റി ഉടന്‍ വിളിച്ചുചേര്‍ത്ത് അംഗത്വ വിതരണ നടപടികള്‍ തുടങ്ങാനാണ് കാസിം ഇരിക്കൂർ വിഭാഗത്തിന്‍റെ തീരുമാനം.