കോഴിക്കോട് :തലചായ്ക്കാൻ ഒരു വീടെന്ന സ്വപ്‌നവുമായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാസ്റ്റിക് കവറുകളും ചാക്കുകളും മറച്ചുണ്ടാക്കിയ ഷെഡ്ഡില്‍ അന്തിയുറങ്ങുന്ന ഒരു കുടുംബമുണ്ട് കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടിയില്‍. കൊവിഡ് കാലത്ത് തൊഴിലില്ലാതായി വാടക വീട് ഒഴിയേണ്ടി വന്നപ്പോൾ തെരുവിലായ ചാമക്കാലയിൽ വിജയനും ഭാര്യ ശ്യാമളയുമാണ് ഈ ദുരിത ജീവിതം നയിക്കുന്നത്.
കൊവിഡ് 'ഇറക്കിവിട്ട' ജീവിതങ്ങൾ
റുഖിയയെന്ന സുമനസിന്‍റെ കാരുണ്യത്തിലാണ് വിജയനെന്ന തയ്യൽക്കാരനും ഭാര്യ ശ്യാമളയും കഴിയുന്നത്. ഇവരുടെ സ്ഥലത്താണ് ഷെഡ്ഡ്. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടുള്ള മറ, ടാർ പായ വലിച്ചുകെട്ടിയ മേൽക്കൂര, വേനലിലും മഴയിലും ഈ കുടുംബം ഭീതിയോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. കാരമൂലയിലെ വാടകവീടും അതിനോടുചേർന്ന് ഒരു തയ്യൽക്കടയും ആയിരുന്നു വർഷങ്ങളോളം ഇവരുടെ ലോകം.
വാടകവീട് ഒഴിയേണ്ടിവന്നപ്പോള്‍ ആദ്യം ബന്ധുവീട്ടിലേക്കാണ് മാറിയത്. അവിടെ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ അവിടുന്നും ഇറങ്ങേണ്ടി വന്നു. മറ്റെങ്ങും പോവാൻ ഇടമില്ലാതെ വഴിയാധാരമായ ഈ കുടുംബത്തിന്‍റെ സാഹചര്യം കണ്ട് തൊട്ടടുത്ത വീട്ടിലെ റുഖിയ ഇരുവര്‍ക്കും തന്‍റെ പറമ്പില്‍ ഷെഡ്ഡ് കെട്ടി താമസിക്കാൻ സൗകര്യം ഒരുക്കുകയായിരുന്നു.