കേരളം

kerala

ETV Bharat / city

കോഴിക്കോടിന്‍റെ കര പിടിക്കുന്നത് ആരാകും? - കോഴിക്കോട് മണ്ഡലം

വർഷങ്ങളുടെ വിജയ ചരിത്രവുമായി യുഡിഎഫ് മണ്ഡലത്തിൽ പോരിനിറങ്ങുമ്പോൾ, മൂന്ന് തവണ മാത്രം കോഴിക്കോട്ട് ജയിച്ചുകയറിയ എല്‍ഡിഎഫിന് ഇത്തവണ അഭിമാന പോരാട്ടമാണ്. മുൻ വർഷങ്ങളിലെ വോട്ടു വർധനയിൽ പ്രതീക്ഷയർപ്പിച്ച് എൻഡിഎയും മണ്ഡലത്തിൽ കടുത്ത പ്രചാരണത്തിലാണ്.

കോഴിക്കോട് മണ്ഡലം

By

Published : Apr 16, 2019, 5:03 PM IST

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത് , കോഴിക്കോട് നോർത്ത് , ബേപ്പൂർ, കുന്നമംഗലം , കൊടുവള്ളി‍ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോഴിക്കോട് ലോകസഭാ മണ്ഡലം,
ചരിത്രം പരിശോധിച്ചാൽ യുഡിഎഫിനോട് ഏറെ കൂറ് കാണിച്ചിട്ടുള മണ്ഡലമാണ് കോഴിക്കോട്. വലത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലം. 1962 മുതൽ 2014 വരെ നടന്ന 14 തെരഞ്ഞെടുപ്പുകളിൽ 11 തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത് യുഡിഎഫ് തന്നെ. മൂന്ന് തവണ മാത്രമാണ് മണ്ഡലം ഇടതിനൊപ്പം നിന്നത്ത്. 1980 ൽ ഇമ്പിച്ചി ബാവായിലൂടെയാണ് ഇടത് മുന്നണി ആദ്യമായി കോഴിക്കോട് മണ്ഡലത്തിൽ വിജയിക്കുന്നത്. പിന്നീട് 1996 ലും 2004 ലും ജനതാദളിന്‍റെ എംപി വീരേന്ദ്ര കുമാറിലൂടെ മണ്ഡലം ഇടതിനൊപ്പം നിന്നു. ബിജെപി യ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും മണ്ഡലത്തിൽ ഇതുവരെയും സ്വന്തമാക്കാനായിട്ടില്ല. എന്നാൽ

ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ ഈ ആധിപത്യം നിയമസഭാ തെരഞ്ഞെടുപ്പിൽ വലതിനില്ല. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഏഴിൽ ആറു സീറ്റും ഇടതിനൊപ്പം നിന്നപ്പോൾ കോഴിക്കോട് സൗത്ത് മാത്രമാണ് വലതിന് നേടാനായത്.

കോഴിക്കോട് മണ്ഡലം വോട്ട്നില 2014
കോഴിക്കോട് മണ്ഡലം വോട്ട്നില 2014
കഴിഞ്ഞ രണ്ട് തവണ മണ്ഡലം യുഡിഎഫിനൊപ്പം നിർത്തിയ എം.കെ രാഘവൻ തന്നെയാണ് ഇത്തവണയും കോഴിക്കോട് മണ്ഡലത്തിലെ വലത് സ്ഥാനാർഥി. സിറ്റിംഗ് എംഎൽഎ എ പ്രദീപ് കുമാർ മണ്ഡലം തിരിച്ചു പിടിക്കാൻ ഇടതിനായി എത്തുമ്പോൾ സുപരിചിതനായ പ്രകാശ് ബാബുവാണ് എൻഡിഎ സ്ഥാനാർത്ഥി.

2014 ലോക്സഭാ തെരഞ്ഞെടുപ്പ് കോഴിക്കോട് മണ്ഡലം കണക്കുകൾ ഇങ്ങനെ.


യുഡിഎഫ് ഭൂരിപക്ഷം - 16883


യുഡിഎഫ് ആകെ നേടിയ വോട്ട് - 397615

എൽഡിഎഫ് ആകെ നേടിയ വോട്ട് - 380732


എൻഡിഎ ആകെ നേടിയ വോട്ട് - 115760


ഹാട്രിക്ക് വിജയം തേടിയാണ് എംകെ രാഘവൻ ഇത്തവണ മണ്ഡലത്തിൽ വലതിനായി പോരിനിറങ്ങുന്നത്.
ചരിത്രത്തിലെ വലത് ചായ്‌വ് തന്നെയാണ് യുഡിഎഫിന്‍റെ ഏറ്റവും വലിയ ശക്തി. എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം രാഘവനെതിരെ ഉയർന്ന കോഴ വിവാദവും, നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് ആധിപത്യവും മുന്നണിയ്ക്ക് ആശങ്ക ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയും കൈവിടാത്ത കോഴിക്കോട്ടെ വോട്ടർമാർ ഇത്തവണയും എം.കെ രാഘവനൊപ്പം നിൽക്കും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുയർത്താൻ സാധിച്ചതും വലത് മുന്നണിയ്ക്ക് ആശ്വാസമാണ്. മണ്ഡലത്തില്‍ എംകെ രാഘവന്‍റെ ബന്ധങ്ങളും വോട്ടായി മാറുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ 10 വർഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവർത്തങ്ങൾ എണ്ണിപറഞ്ഞാണ് യുഡിഎഫിന്‍റെ പ്രചാരണം.


എം.കെ രാഘവന് എതിരെയുള്ള കോഴ ആരോപണവും, മണ്ഡലത്തിലെ വികസന പ്രശ്നങ്ങളുമാണ് എല്‍ഡിഎഫിന്‍റെ പ്രധാന പ്രചാരണം. ഇത്തവണ എ പ്രദീപ് കുമാറിലൂടെ വിജയിച്ചു കയറാം എന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. 2016 ലെ നിയസഭ തെരഞ്ഞെടുപ്പിൽ ഏഴിൽ ആറു മണ്ഡലങ്ങളിലും വിജയക്കൊടി പറിക്കാൻ സാധിച്ചതും ഇടതിന് ആത്മാവിശ്വാസം വർധിപ്പിക്കുന്നു. സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ പ്രദീപ് കുമാർ നടത്തിയ വികസന പ്രവർത്തനങ്ങളും , ജനകീയ നേതാവെന്ന ഇമേജും എല്‍ഡിഎഫ് പരമാവധി വോട്ടർമാരില്‍ എത്തിക്കുന്നുണ്ട്. എല്‍ഡിഎഫിന് വലിയ സ്വാധീനമുള്ള പ്രദേശമായിട്ടും, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ അടിതെറ്റി വീഴുന്ന ചരിത്രമാണ് ഇടതിന്‍റെ പ്രധാന ആശങ്ക.

രാഷ്ട്രീയമായി മേല്‍ക്കൈ നേടാനായിട്ടില്ലെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, അട്ടിമറി വിജയമാണ് യുവമോർച്ച നേതാവ് കെ.പി പ്രകാശ് ബാബുവിലൂടെ എൻഡിഎ ലക്ഷ്യം വയ്ക്കുന്നത്. ലോക്‌സഭയിലേക്ക് കന്നിയങ്കമാണെങ്കിലും 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ നിന്നും 2016ൽ ബേപ്പൂരിൽ നിന്നും പ്രകാശ് ബാബു മത്സരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും, കേന്ദ്ര സർക്കാരിന്‍റെ വികസന പദ്ധതികളുമാണ് എൻഡിഎയുടെ പ്രധാന പ്രചാരണ ആയുധം.

തിരഞ്ഞെടുപ്പ് കമീഷന്‍റെ ജനുവരി 30 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 1264844 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത് , ഇതിൽ
613276 പുരുഷവോട്ടർമാരും, 651560 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്‌ജൻഡേഴ്‌സും ഉൾപ്പെടുന്നു.

ABOUT THE AUTHOR

...view details